ബീഹാറി യുവതിയുടെ 4 ലക്ഷവുമായി അസാമീസ് കാമുകൻ മുങ്ങി
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ഒന്നിച്ച് താമസിച്ചശേഷം യുവതിയുടെ നാല് ലക്ഷം രൂപയുമായി കാമുകൻ കടന്നുകളഞ്ഞു. ബീഹാർ സ്വദേശിനിയായ 35കാരിയുടെ പരാതിയിൽ അസാം സ്വദേശിയായ യുവാവിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പണം തിരികെ ചോദിച്ചതിന് ക്രൂരമായി മർദ്ദിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവാവ് അസാമിലേക്ക് കടന്നതായാണ് വിവരം.
എറണാകുളത്തെ ഒരു കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് 35കാരി കേരളത്തിൽ എത്തിയത്. പിന്നീട് ഒരു കമ്പനിയിൽ ജോലിക്ക് കയറി. ഇവിടെവച്ചാണ് അസാം സ്വദേശിയെ ഇവർ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. 2024 മുതൽ ഇവർ ഒന്നിച്ചായിരുന്നു താമസം. നാട്ടിൽ ഭാര്യയും മക്കളുമുള്ള യുവാവ് ഇക്കാര്യമെല്ലാം മറച്ചുവച്ചുവെന്നാണ് വിവരം.
ശമ്പളത്തിൽ നിന്ന് പലതവണയായി നാല് ലക്ഷത്തോളം രൂപ കാമുകൻ വാങ്ങിയിരുന്നു. അടുത്തിടെ ഈ പണം തിരികെ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. പണം തിരികെ നൽകാനാകില്ലെന്ന് പറഞ്ഞ് യുവാവ് ക്രൂരമായി മർദ്ദിച്ചു. പല ദിവസങ്ങളിലും മർദ്ദനമേറ്റതായി പരാതിയിൽ പറയുന്നുണ്ട്. ഏതാനും ദിവസം മുമ്പാണ് യുവാവ് സ്ഥലംവിട്ടത്. കഴിഞ്ഞ ദിവസം യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കാമുകന് നാട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് യുവതി കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ കേസെടുക്കേണ്ടെന്നും കാമുകനെ കണ്ടെത്തി നൽകിയാൽ മതിയെന്നുമായിരുന്നു യുവതിയുടെ ആവശ്യം. മർദ്ദനമടക്കം പരാതിയിലുള്ളതിനാൽ കേസെടുക്കുകയായിരുന്നു എന്നാണ് സൂചന. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. യുവാവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.