സീബ്ര ലെെനിലും ജീവൻ കെെയിൽ പിടിച്ച് കാൽനടക്കാർ
കോഴിക്കോട്: വാഹനങ്ങളുടെ അമിതവേഗതയെ തുടർന്നുള്ള അപകടഭീഷണി തുടരുന്നതിനിടെ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്ര ലെെനുകളും സുരക്ഷിതമല്ലാതാകുന്നു. ജില്ലയിൽ സീബ്ര ലെെനുകളിൽ അപകടമുണ്ടാകുന്നതും പതിവാകുകയാണ്. വൃദ്ധരും കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ് സീബ്ര ലെെനിലൂടെ കടന്നുപോകുന്നതെങ്കിലും വാഹനങ്ങൾ നിറുത്താൻ മടിക്കുകയാണ്. സീബ്ര ലെെനുകൾക്ക് അടുത്തെത്തിയാലും പല വാഹനങ്ങളും വേഗം കുറയ്ക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചൊവ്വാഴ്ച ചെറുവണ്ണൂർ ശാരദ മന്ദിരത്തിന് സമീപം സീബ്ര ലെെനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ മിനി പിക്കപ്പ് വാൻ 10 മീറ്ററോളം ദൂരത്തേക്ക് ഇടിച്ചു തെറിപ്പിച്ചു. ബത്തേരി മലങ്കര നെന്മേനി അയ്യൻകുഴക്കൽ ജോബിയുടെ മകൾ അലീന മേരിക്ക് (19) ഗുരുതരമായി പരിക്കേറ്റു. തൃശൂർ ഇരിങ്ങാലക്കുട ക്രെെസ്റ്റ് കോളേജിൽ ഒന്നാംവർഷ ബി.എസ്.സി വിദ്യാർത്ഥിയാണ്. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിറുത്തിയപ്പോൾ വെള്ളം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. വാൻ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. താമരശ്ശേരി ടൗണിൽ സീബ്ര ലെെൻ കുറുകെ കടക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് ഈയിടെ വാഹനമിടിച്ച് പരിക്കേറ്റിരുന്നു. രണ്ട് മാസം മുമ്പ് കോഴിക്കോട് പുതിയ സ്റ്റാൻഡിനു സമീപവും സീബ്ര ലെെനിൽ അപകടമുണ്ടായി.
ശ്രദ്ധിക്കേണ്ടത്
വാഹനങ്ങൾ വേഗം കുറച്ച് സീബ്ര ലെെനിലൂടെ റോഡ് കുറുകെ കടക്കുന്ന കാൽനടക്കാരെ പോകാൻ അനുവദിക്കണം. തുരുതുരാ വാഹനങ്ങൾ വരുമ്പോൾ സീബ്ര ലെെനിലൂടെയാണെങ്കിലും തിടുക്കത്തിൽ കുറുകെ കടക്കാൻ ശ്രമിക്കുന്നത് അപകടത്തിനിടയാക്കാം. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് വേഗം കുറയ്ക്കാനായെന്നു വരില്ല. സീബ്ര ലെെനിലൂടെയാണ് കുറുകെ കടക്കുന്നതെങ്കിലും വാഹനങ്ങൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
മാഞ്ഞുപോയ സീബ്ര ലെെനുകൾ
സീബ്ര ലെെനിൽ വച്ച് വാഹനമിടിച്ചാൽ സാധാരണ ഗതിയിൽ പിഴ ഈടാക്കുകയാണ് ചെയ്യുക. മരിച്ചാൽ പ്രത്യേകം കേസുണ്ടാകും. എന്നാൽ പിഴത്തുക കുറവാണെന്ന് ആക്ഷേപമുണ്ട്. റോഡിൽ പലയിടത്തും സീബ്ര ലെെനുകൾ പൂർണ്ണമായും ഭാഗികമായും മാഞ്ഞുപോയിട്ടുണ്ട്. ഡ്രെെവർമാർക്ക് ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാകുന്നുമുണ്ട്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ.
സീബ്ര ലെെനിൽ വാഹനമിടിച്ചാൽ പിഴ 1,250 രൂപ
സീബ്ര ലെെനുകൾ തിരിച്ചറിയാൻ ബ്ളിങ്കറുകൾ ഘടിപ്പിച്ചിട്ടുള്ളത് ഡ്രെെവർമാർ ശ്രദ്ധിക്കണം. അപകടങ്ങളൊഴിവാക്കാൻ ബോധവത്കരണം നടത്തിയിരുന്നു.
അബ്ദുൾ ഹക്കീം, ഇൻസ്പെക്ടർ, സിറ്റി ട്രാഫിക്, കോഴിക്കോട്