പ്രമാടം കോട്ടപ്പാറ നിവാസികൾ ചോദിക്കുന്നു ഒരുകുടം വെള്ളം കടം തരുമോ?
പ്രമാടം: വേനലിന്റെ കാഠിന്യം വർദ്ധിക്കുന്നതിനൊപ്പം തൊണ്ട നനയ്ക്കാൻ ഒരിറ്റുവെള്ളം തേടിയുള്ള നെട്ടോട്ടത്തിലാണ് പ്രമാടം ഗ്രാമപഞ്ചായത്ത് മൂന്നാം വാഡിലെ കോട്ടപ്പാറ നിവാസികൾ. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ പ്രത്യേക കുടിവെള്ള പദ്ധതി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒന്നും നടപ്പായില്ല.
തങ്ങളെയും മനുഷ്യരായി കാണണമെന്നും കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ ജനപ്രതനിധികൾക്കും ജലഅതോറിറ്റി ഉദ്യോഗസ്ഥർക്കും നിരവധി തവണ നിവേദനം നൽകിയിരുന്നു.
മഴ സമയത്തുപോലും ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശമായതിനാൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാത്രമാണ് ഏകആശ്രയം. എന്നാൽ പലപ്പോഴും ഉയർന്ന പ്രദേശങ്ങളിലെ പൈപ്പിൽ വെള്ളം ലഭിക്കാറില്ല. അതിനാൽ ദൂരങ്ങൾ താണ്ടി തലച്ചുമടായി വേണം വെള്ളം ശേഖരിക്കാൻ. വേനലാകുമ്പോൾ ഇതിന്റെ തീവ്രത വർദ്ധിക്കും.
പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും കോട്ടപ്പാറമലയിൽ ജലസംഭരണി സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പലതവണ ഉറപ്പ് നൽകിയെങ്കിലും എല്ലാം ജലരേഖയായി.
പ്രമാടത്തെ സമഗ്ര കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പാറയിൽ കൂടി ജലസംഭരണി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
കുടിവെള്ള പദ്ധതിയില്ല വർഷത്തിൽ എല്ലാ മാസവും ശുദ്ധജലക്ഷാമം
കോട്ടപ്പാറയിൽ ജലസംഭരണി നിർമ്മിക്കണം
അച്ചൻകോവിലാറ്റിലെ സ്വാമിപ്പടിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിയും
ഇത് പ്രദേശവാസുകളുടെ ദുരിതത്തിന് പരിഹാരമാകും
തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വാഗ്ദാനം മറന്ന് ജനപ്രതിനിധികൾ
പ്രാഥമിക നടപടികൾ പോലും സ്വീകരിച്ചില്ല
വെള്ളം കിട്ടാതെ
40 കുടുംബങ്ങൾ
സമഗ്ര കുടിവെള്ള പദ്ധതിയിലും അവഗണന
പ്രമാടത്തിന്റെ ദാഹമകറ്റാൻ 102 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി ആവിഷ്കരിച്ചെങ്കിലും കോട്ടപ്പാറ ഇതിലും ഉൾപ്പെട്ടിട്ടില്ല. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിലാണ് പുതിയ വാട്ടർ ടാങ്കുകൾ നിർമ്മിക്കുക. നിലവിൽ മറൂർ കുളപ്പാറയിലാണ് പ്രമാടം കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് കാലപ്പഴക്കം മൂലം ബലക്ഷയത്തിലാണ്. ഇതിന് സമീപത്താണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാറ്റിലെ മറൂർ വെട്ടിക്കാലിൽപടിക്ക് പുറമെ വ്യാഴി കടവിലും പമ്പ് ഹൗസ് സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല.
പതിറ്റാണ്ടുകളായുള്ള ആവശ്യം ജനപ്രതിനിധികളും അവഗണിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകുമെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
നാട്ടുകാർ