നിക്ഷേപകർ ഓഹരിയിൽ നിന്ന് സ്വർണത്തിലേക്ക്

Thursday 12 February 2026 12:03 AM IST

കൊച്ചി: ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ സ്വർണ വില കുതിച്ചുയർന്നതോടെ ഗോൾഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക്(ഇ.ടി.എഫ്) ഇന്ത്യയിൽ പ്രിയമേറുന്നു. ജനുവരിയിൽ ഗോൾഡ് ഇ.ടി.എഫുകളിലെ നിക്ഷേപം ചരിത്രത്തിലാദ്യമായി ഓഹരി മ്യൂച്വൽ ഫണ്ടുകളിലും ഉയർന്ന തലത്തിലെത്തി. ജനുവരിയിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,500 ഡോളറിന് മുകളിലെത്തി റെക്കാഡിട്ടു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ജനുവരിയിൽ ഗോൾഡ് ഇ.ടി.എഫുകളിലെ നിക്ഷേപം 98 ശതമാനം ഉയർന്ന് 249 കോടി ഡോളറിലെത്തി. ഡിസംബറിലെ നിക്ഷേപം 125 കോടി ഡോളറായിരുന്നു.

കഴിഞ്ഞ വർഷം മൊത്തം 468 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യൻ ഇ.ടി.എഫുകളിൽ ലഭിച്ചത്. അമേരിക്കയുടെ വെനസ്വേലയിലെ രാഷ്ട്രീയ ഇടപെടലുകളും പുതിയ തീരുവ പ്രഖ്യാപനവുമാണ് സ്വർണ വിപണിക്ക് കരുത്തായത്. ആഗോള തലത്തിൽ ഗോൾഡ് ഇ.ടി.എഫുകളിൽ 1,900 കോടി ഡോളറിന്റെ നിക്ഷേപമാണ് ഒഴുകിയെത്തിയത്. ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66,900 കോടി ഡോളറിലെത്തി റെക്കാഡിട്ടു.

ആഗോള ഇ.ടി.എഫുകളുടെ കൈവശമുള്ള സ്വർണ ശേഖരം ജനുവരിയിൽ 120 ടൺ ഉയർന്ന് 4,145 ടണ്ണിലെത്തി

സ്വർണ വിലയിൽ

ചാഞ്ചാട്ടം രൂക്ഷം

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലെ ചാഞ്ചാട്ടം രൂക്ഷമായി തുടരുന്നു. റഷ്യയിലെയും വെനസ്വേലയിലെയും രാഷ്‌ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയും ജനുവരിയിൽ സ്വർണ വിലയിൽ വൻ കുതിപ്പുണ്ടാക്കിയിരുന്നു. എന്നാൽ ഫെഡറൽ റിസർവ് ചെയർമാനായി കെവിൻ വാർഷിനെ ഡൊണാൾഡ് ട്രംപ് നിർദേശിച്ചതോടെ സ്വർണ വില മൂക്കുകുത്തി 4,500 ഡോളർ വരെ താഴ്ന്നു. കെവിൻ വാർഷ് പലിശ കുറയ്ക്കുന്നതിന് എതിരാകുമെന്ന സംശയമാണ് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇന്നലെ സ്വർണ വില വീണ്ടും ഔൺസിന് 5,000 ഡോളറിലേക്ക് തിരിച്ചുയർന്നു.