വടശേരിക്കര ടൗണിൽ കാട്ടാനക്കൂട്ടം

Thursday 12 February 2026 12:13 AM IST

റാന്നി: വടശേരിക്കര ടൗണിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വടശേരിക്കര താത്കാലിക പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് എന്നിവയ്ക്ക് സമീപം കാട്ടാനകൾ എത്തിയത് പരിഭ്രാന്തി വർദ്ധിപ്പിച്ചു. വനാതിർത്തിയോട് ചേർന്നുള്ള ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ആനകൾ ഇപ്പോൾ ടൗണിന്റെ ഹൃദയഭാഗങ്ങളിലേക്ക് വരെ എത്തുന്നത് അതീവ ഗൗരവത്തോടെയാണ് ജനങ്ങൾ കാണുന്നത്.

ജനവാസ മേഖലയിലെ കൈതത്തോട്ടങ്ങളിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വൻതോതിലുള്ള കൃഷിനാശമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കപ്പ, വാഴ, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങ് വർഗങ്ങൾക്കൊപ്പം തെങ്ങ്, പ്ലാവ് എന്നിവയും നശിപ്പിക്കുന്നുണ്ട്. ആനശല്യം കാരണം കൃഷിയിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. പലരും വൻ സാമ്പത്തിക ബാദ്ധ്യത നേരിടുകയാണ്.

വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

'അന്ന് ഇങ്ങനെയല്ലായിരുന്നു"

അഞ്ചുവർഷം മുമ്പ് വരെ മേഖലയിൽ ആനശല്യം ഇത്ര രൂക്ഷമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വനമേഖലയിൽ മാത്രം ഒതുങ്ങിയിരുന്ന ആനകൾ ഇപ്പോൾ ടൗണിലേക്കും എത്തുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ നിസംഗത പുലർത്തുകയാണ്. കൃത്യമായ പട്രോളിംഗോ പ്രതിരോധ സംവിധാനങ്ങളോ ഏർപ്പെടുത്തുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയപ്പെടുന്ന അവസ്ഥയിലാണ് വടശേരിക്കര ടൗണിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർ.

സുഭാഷ് കുമാർ, പ്രദേശവാസി