പുറംലോകവുമായി ബന്ധമില്ലാതെ ചാവടിപ്പാറ ആദിവാസി കോളനി
വാളയാർ: ഒരു വശത്ത് പുഴ. മറുവശത്ത് തമിഴ്നാട് അതിർത്തി. മറ്റ് രണ്ട് വശങ്ങളിൽ വനം. ഇവിടെ തികച്ചും ഒറ്റപ്പെട്ട് ജീവിക്കുന്ന 18 ആദിവാസി കുടുംബം. പുതുശ്ശേരി പഞ്ചായത്തിലെ ചാവടിപ്പാറ ആദിവാസി കോളനിയുടെ ഏകദേശ ചിത്രമാണിത്. വൈദ്യുതി ഇവിടെ എത്തി നോക്കിയിട്ടേയില്ല. കോളനിയെ തൊട്ടുരുമ്മി തമിഴ്നാടിന്റെ വൈദ്യുതി ലൈനുകൾ പോകുന്നുണ്ട്. കോളനിയിലുള്ളവർ പുഴ മുറിച്ച് കടന്നാണ് പുറം ലോകത്തേക്ക് എത്തുന്നത്. പുഴയിൽ മിക്ക സമയത്തും വെള്ളം ഇല്ലാത്തതാണ് ഇവരുടെ ആശ്വാസം. മഴക്കാലത്തും ഡാം തുറന്ന് വിടുമ്പോഴും ഇതുവഴി യാത്ര അസാദ്ധ്യമാണ്. പുഴയിൽ വെള്ളം കൂടുമ്പോൾ കോളനിക്കാർക്ക് ജോലിക്ക് പോകാനോ കടകളിലേക്ക് പോകാനോ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാനോ പറ്റാത്ത സ്ഥിതിയാണ്. പുതുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡിനകത്ത് ഒരു തുരുത്ത് പോലെ കിടക്കുന്ന പ്രദേശമാണിത്. പാലം നിർമ്മിച്ചാൽ മാത്രമേ ഇവിടേക്ക് ഗതാഗത സൗകര്യം ഒരുക്കാൻ ആവുകയുള്ളു. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. അടച്ചുറപ്പില്ലാത്ത ഓലമേഞ്ഞ കൂരകളിൽ പട്ടിണിയും പരിവെട്ടവുമായി കഴിഞ്ഞ ചരിത്രമാണ് ചാവടിപ്പാറ കോളനി നിവാസികൾക്കുള്ളത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ലൈഫ് മിഷനിൽ ഉൾപ്പെടുത്തി കോളനി നിവാസികൾക്ക് വീട് അനുവദിച്ചിരുന്നു. വേനൽ കാലത്ത് പുഴയിലൂടെ നടന്ന് തലച്ചുമടായി സാധനങ്ങൾ കടത്തിയാണ് കുറെ വീടുകളുടെ പണി പൂർത്തീകരിച്ചത്. ഇനിയും കുറെ വീടുകളുടെ പണി പൂർത്തീകരിക്കാനുണ്ട്. അന്നത്തെ പഞ്ചായത്ത് മെമ്പർ ആൽബർട്ടിന്റെ ശ്രമഫലമായി റേഷൻ സാധനങ്ങൾ കോളനിയിൽ എത്തിച്ച് കൊടുത്തിരുന്നു. റേഷൻ സാധനങ്ങൾ ഓട്ടോ റിക്ഷയിൽ പുഴക്കരയിൽ എത്തിച്ച ശേഷം തലച്ചുമടായി കോളനിയിലെത്തിക്കുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് ഇത് പ്രായോഗികമല്ല. മഴക്കാലത്ത് കോളനിക്കകത്ത് കൃഷി ചെയ്യുന്ന കിഴങ്ങുകൾ കഴിച്ച് വിശപ്പടക്കേണ്ട സ്ഥിതിയാണ്. ചെറുകിട കുടിവെള്ള പദ്ധതിയിലൂടെ കുടിവെള്ളവും എത്തിച്ച് കൊടുക്കുന്നുണ്ട്. മുൻ പഞ്ചായത്ത് മെമ്പർമാരായ സുഭാഷ്, സിദ്ധാർത്ഥൻ എന്നിവരുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ചു. ഇവരുടെ പ്രശ്നങ്ങൾ വിശദമായി തയ്യാറാക്കി അധികൃതർക്ക് മുമ്പിൽ സമർപ്പിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്. വൈദ്യുതിലൈൻ വലിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സോളാർ സംവിധാനത്തിലൂടെ വൈദ്യുതി എത്തിക്കണമെന്ന നിർദേശം കോളനി നിവാസികളിൽ നിന്ന് ഉയർന്ന് വന്നിട്ടുണ്ട്.