വെള്ളൂർ എച്ച്.എൻ.എൽ വികസനത്തിന് സർക്കാർ 741കോടി നൽകും

Thursday 12 February 2026 1:24 AM IST

തിരുവനന്തപുരം:കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം ഏറ്റെടുത്ത വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സിൻ്റെ വികസനത്തിന് 741കോടി രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെ.എസ്.ഐ ഡി.സി യുടെ 25 കോടി രൂപയുയാണ് അനുവദിച്ചത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും. പ്ളാസ്റ്റിക് നിരോധനം വന്നതോടെ നിലവിൽ മാർക്കറ്റിൽ ഡിമാൻഡുള്ള വിവിധയിനം ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാനാണ് ഈ തുക വിനിയോഗിക്കുകയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.ഒരു 'പേപ്പർ ക്ലസ്റ്റർ' രൂപീകരിച്ച് നോട്ട് ബുക്കുകൾ, ടെക്സ്റ്റ് ബുക്കുകൾ, ഓഫീസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പർ, കോപ്പിയർ പേപ്പർ മുതലായ പേപ്പർ ഉൽപ്പന്നങ്ങളും, ഇകോമേഴ്സ്, ഭക്ഷ്യവസ്തുകളുടെ വിതരണത്തിനാവശ്യമായ പാക്കേജിംഗ് ഉൽപന്നങ്ങളും നിർമ്മിക്കും.. ഇതിലൂടെ 1500 കോടിയോളം രൂപയുടെ വിറ്റ് വരവ് നേടാനാകും.

നഷ്ടത്തിലായതിനെ തുടർന്ന് 2019ൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ വെളളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കേരള സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതാദ്യമാണ് അടച്ചുപൂട്ടിയ സ്ഥാപനത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ പണം നിക്ഷേപിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.