കാട്ടുപന്നികളെ വെടിവയ്ക്കാൻ........... കായിക ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കി
കോട്ടയം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയിൽ നിന്ന് കായിക ആവശ്യങ്ങൾക്ക് ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധം. തോക്ക് ലൈസൻസുള്ളവർ കുറവായതിനാൽ കാട്ടുപന്നികളെ വെടിവയ്‌ക്കാൻ ഷൂട്ടിംഗ് ക്ലബുമായി ബന്ധപ്പെട്ട് ലൈസൻസ്ഡ് ഷൂട്ടർമാരെ അനുവദിച്ചിരുന്നു. ഈ മാസം അഞ്ചിന് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം ഇറക്കിയ ഉത്തരവിലാണ് ഇത് റദ്ദാക്കിയത്.
എന്നാൽ വനം ഡിവിഷനുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കും എന്നാണ് കർഷകർ പറയുന്നത്.
ഇരുനൂറ്റിയമ്പതോളം പേർക്കാണ് നിലവിൽ സംസ്ഥാനത്ത് കാട്ടുപന്നിയെ വെടിവയ്‌ക്കാൻ അനുമതിയുള്ളത്. ഇതിൽ നൂറിലേറെയും കായിക ആവശ്യത്തിന് ലൈസൻസെടുത്ത ഷൂട്ടർമാരാണ്. തോക്ക് ലൈസൻസുള്ള ബാക്കിയുള്ളവരിലേറെയും പ്രായാധിക്യമുള്ളവരാണ്.
'വനം വകുപ്പിന്റെ ഉത്തരവ് വനം-വന്യജീവി നിയമത്തിനെതിരാണ്. വന്യജീവികളെ വെടിവയ്ക്കാൻ അനുമതി നൽകേണ്ടത് വൈൽഡ് ലൈഫ് വാർഡനാണ്. ഷാർപ്പ് ഷൂട്ടർമാരായ ഷൂട്ടിംഗ് ക്ലബ് കായിക താരങ്ങളെ ഒഴിവാക്കിയുള്ള ഉത്തരവ് പിൻവലിക്കണം".
- എബിഐപ്പ് (കർഷക കോൺഗ്രസ് നേതാവ്)