ഈസിയാക്കാം ഇനി എസ്.എസ്.എൽ.സി

Thursday 12 February 2026 1:42 AM IST

 ബുക്ക്‌ലെറ്റുമായി 100 അദ്ധ്യാപക‌‌ർ

തൊടുപുഴ: പുതിയ പത്താംക്ലാസ് പരീക്ഷാ രീതിയിൽ എന്തുചെയ്യുമെന്നോർത്ത് തലപുകയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകാൻ മാതൃകാ ചോദ്യപേപ്പർ ബുക്ക്‌ലെറ്റുമായി അദ്ധ്യാപകർ. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായാണ് അദ്ധ്യാപകരുടെ കരുതൽ. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിന് കീഴിലെ 100അദ്ധ്യാപകരാണ് ഉദ്യമത്തിന് പിന്നിൽ. സംസ്ഥാനത്ത് ഒരു വിദ്യാഭ്യാസ ജില്ലാ ഓഫീസ് പുറത്തിറക്കുന്ന ആദ്യ മോഡൽ ബുക്ക്‌ലെറ്റാണിത്. മനഃപാഠമാക്കി ഉത്തരമെഴുതുന്ന രീതി മാറി ഇത്തവണ സിവിൽ സർവീസ് മാതൃകയിൽ ചിന്താശേഷി പരിശോധിക്കുന്ന രീതിയിലാണ് ചോദ്യങ്ങൾ. മാറിയ ചോദ്യാവലിക്ക് അനുസൃതമായുള്ള എല്ലാത്തരം ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തമില്ലാതെ സർക്കാർ, എയ്ഡഡ് അദ്ധ്യാപകർ ചേർന്ന് പുറത്തിറക്കിയതിനാൽ മോഡൽ ചോദ്യത്തിന് വിശ്വാസ്യത ഏറെയാണ്. ആശയത്തിന് പരീക്ഷാ സെക്രട്ടറി പച്ചക്കൊടി വീശിയതോടെ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന ട്രൈബൽ സ്‌കൂളിന് നൽകി പ്രകാശനം ചെയ്തു.

 3 മാസത്തെ പ്രയത്നം

കട്ടപ്പന ഡി.ഇ.ഒ ആൻസൺ ജോസഫിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ നൂറ് അദ്ധ്യാപകരുടെ മൂന്ന് മാസത്തെ പ്രയത്നമാണ് പത്ത് വിഷയങ്ങളിലുമുള്ള മാതൃകാ ചോദ്യപേപ്പർ ബുക്ക്‌ലെറ്റ്. ഒക്ടോബർ,നവംബർ,ഡിസംബർ മാസത്തിലായിരുന്നു തയ്യാറെടുപ്പ്. ഒരു വിഷയത്തിന് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന അദ്ധ്യാപക പാനലാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. 10 ബുക്ക്‌ലെറ്റുകൾ പുറത്തിറക്കി. ശരാശി 70 മുതൽ 245 പേജുകൾവരെയാണുള്ളത്. ജില്ലയിലെ 100 സ്‌കൂളുകളിൽ വിതരണം ചെയ്തു. മറ്റ് ജില്ലകളിൽ സോഫ്റ്റ് കോപ്പി അയച്ച് നൽകി. ഇത് പ്രിന്റെടുത്ത് ഉപയോഗിക്കാം. പുസ്തകത്തിനായ ചെലവ് ഡി.ഇ.ഒയും എച്ച്.എം ഫോറവുമാണ് വഹിച്ചത്.

'' മികച്ച ചോദ്യങ്ങളും മാറിയ രീതിക്കനുസൃതമായ ചോദ്യാവലിയും കേരളത്തിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടും""

കെ.വി. ആൻസൺ ജോസഫ് (കട്ടപ്പന ഡി.ഇ.ഒ)