സ്‌കോളർഷിപ്പ് അപേക്ഷാ തിയതി നീട്ടണം: ന്യൂനപക്ഷ കമ്മിഷൻ
തിരുവനന്തപുരം: നാഷണൽ സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിന് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന കേരള സർവകാശാലയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ യു.ജി.സിക്ക് സംസ്ഥാന ന്യൂനപഷ കമ്മിഷന്റെ നിർദ്ദേശം. പി.ജി വിദ്യാർത്ഥികൾക്കുള്ള മൂന്ന് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടുന്നത് പരിഗണിക്കാനാണ് കമ്മിഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർദ്ദേശം നൽകിയത്.കൊല്ലം കടത്തൂർ പടിഞ്ഞാറേത്തറ സ്വദേശിനി സമർപ്പിച്ച പരാതിയിലാണിത്.
പി.ജി ഫലപ്രഖ്യാപനത്തിന് കാലതാമസമുണ്ടായ സാഹചര്യത്തിലാണ് കേരള സർവകലാശാല യു.ജി.സിക്ക് കത്തയച്ചത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ഫെബ്രുവരി 15 ലേക്ക് നീട്ടണമെന്നാണ് അപേക്ഷ. കാലാവധി ജനുവരി 15 ന് അവസാനിച്ചിരുന്നു. നാഷണൽ സ്‌കോളർഷിപ്പ് ലഭിക്കണമെങ്കിൽ പി.ജി ഒന്നാം വർഷ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. മുൻ വർഷങ്ങളിൽ ഒന്നാം സെമസ്റ്റർ മാർക്ക് ലിസ്റ്റും സാക്ഷ്യപത്രവുമുണ്ടെങ്കിൽ സ്‌കോളർഷിപ്പ് പുതുക്കി നൽകുമായിരുന്നു. എന്നാൽ, രണ്ടാം സെമസ്റ്റർ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്തില്ലെന്ന കാരണത്താൽ വിദ്യാർത്ഥികളുടെ അപേക്ഷ സംസ്ഥാനതല നോഡൽ ഓഫിസർ നിരസിക്കുകയായിരുന്നു. കേരള സർവകലാശാല രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത് ജനുവരി 23നാണ്. അതിനാൽ, സ്‌കോളർഷിപ്പ് നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.