തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍, എന്നിട്ടും അഫ്ഗാനിസ്ഥാന് യോഗമില്ല; ഹൃദയം തകര്‍ന്ന് ആരാധകര്‍ | വീഡിയോ

Wednesday 11 February 2026 7:47 PM IST

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പില്‍ ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അഫ്ഗാനിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക മത്സരം. രണ്ട് ടീമുകളും 20 ഓവര്‍ വീതം ബാറ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ കളി ടൈ. വിജയികളെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ അവിടെയും ടൈ. അനിശ്ചിതത്വം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ത്രില്ലര്‍ സിനിമികളെ വെല്ലുന്ന പോര്. ഒടുവില്‍ അവസാന പന്തില്‍ ജയം ദക്ഷിണാഫ്രിക്കയുടെ പക്ഷത്ത്. നാടകീയത എന്ന വാക്ക് മതിയാകില്ല ഈ മത്സരത്തെ വിശേഷിപ്പിക്കാന്‍.

രണ്ടാം സൂപ്പര്‍ ഓവറില്‍ അഫ്ഗാനിസ്ഥാന് മത്സരം വിജയിക്കാന്‍ വേണ്ടിയിരുന്നത് 24 റണ്‍സ്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത് വെറ്ററന്‍ താരം മുഹമ്മദ് നബിയും ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയും. പന്തെറിയാന്‍ എത്തിയത് കേശവ് മഹാരാജ്. ആദ്യ പന്ത് ഡോട്ട് ബോള്‍, രണ്ടാം പന്തില്‍ മുഹമ്മദ് നബി പുറത്ത്. ശേഷിച്ച നാല് പന്തുകളില്‍ അഫ്ഗാന് ജയത്തിലേക്ക് വേണ്ടിയിരുന്നത് നാല് സിക്‌സറുകള്‍. ക്രീസിലെത്തിയത് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്.

ഓവറിലെ മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും പന്തുകള്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഗ്യാലറികളിള്‍ പറന്നിറങ്ങി. അസാദ്ധ്യമെന്ന് തോന്നിച്ച ജയം എത്തിപ്പിടിക്കാന്‍ അഫ്ഗാന് വേണ്ടിയിരുന്നത് അവസാന പന്തില്‍ ഒരു സിക്‌സ് മാത്രം. മഹാരാജ് വൈഡ് ബോള്‍ എറിഞ്ഞു. ജയത്തിലേക്കുള്ള ദൂരം അഞ്ച് റണ്‍സായി ചുരുങ്ങി. എന്നാല്‍ ദൗര്‍ഭാഗ്യം അഫ്ഗാനെയും ഗുര്‍ബാസിനേയും പിടികൂടി. അവസാന പന്തില്‍ വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ പ്രോട്ടീസിന് നാല് റണ്‍സിന്റെ ജയം.

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ കാഴ്ചയായിരുന്നു അഫ്ഗാന്‍ - ദക്ഷിണാഫ്രിക്ക പോരാട്ടം. നിശ്ചിത സമയത്തെ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ ഇന്നിംഗിസിലെ അവസാന ഓവറില്‍ രണ്ട് നോ ബോളുകള്‍ എറിഞ്ഞ കാഗിസോ റബാഡയുടെ 'സഹായം' മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഫ്രീ ഹിറ്റ് ആയിരുന്ന നാലാം പന്തില്‍ അവസാന വിക്കറ്റ് റണ്ണൗട്ടിലൂടെ സമ്മാനിച്ചാണ് അഫ്ഗാന്‍ ടൈ വഴങ്ങിയത്.