കേന്ദ്രം വെട്ടിമാറ്റുന്ന പാഠഭാഗങ്ങൾ പഠിപ്പിക്കും: മന്ത്രി ശിവൻകുട്ടി 

Thursday 12 February 2026 1:03 AM IST

തിരുവനന്തപുരം: കേന്ദ്രം വെട്ടിമാറ്റുന്ന പാഠപുസ്തകങ്ങളിലെ ചരിത്രഭാഗങ്ങൾ പഠിപ്പിക്കാൻ പ്രത്യേക പുസ്തകങ്ങളിറക്കുന്നത് സംസ്ഥാനം തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതിക്കായി സംസ്ഥാനം മുൻപന്തിയിൽ തന്നെയുണ്ടാകും. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പരിഷ്‌കരിച്ച പുതിയ പാഠപുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ പാഠപുസ്തകങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ എന്തൊക്കെ പഠിപ്പിക്കണം, എന്ത് ഒഴിവാക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. വരാനിരിക്കുന്ന എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ അക്കാ‌ഡമിക് വിരുദ്ധമാണെങ്കിൽ കേരളം ശക്തമായി പ്രതികരിക്കും.

എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ നാല് പ്രധാന വിഷയങ്ങളിൽ അധിക പാഠപുസ്തകങ്ങൾ സംസ്ഥാനം പ്രസിദ്ധീകരിച്ചു. എൻ.സി.ഇ.ആർ.ടി യോഗത്തിൽ, കേന്ദ്ര സർക്കാരിന്റെ നിലപാടിനെ ഔദ്യോഗികമായിത്തന്നെ കേരളം എതിർത്തു. രാജ്യത്തെ അക്കാഡമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുകയാണ്.