തീക്കളി നടന്ന കാറിന്റെ രജിസ്ട്രേഷൻ സ്വാഹ!
കൊല്ലം: സൈലൻസറിൽ നിന്ന് തീ ചീറ്റുന്ന നിലയിൽ രൂപമാറ്റം വരുത്തിയ കാറിന്റെ രജിസ്ട്രേഷനും ഉടമയുടെ ലൈസൻസും മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. ഇന്നലെ രാത്രിയോടെ മുഖത്തല നടുവിലക്കര കല്ലുവെട്ടാൻകുഴിയിലെ ഒരു പെയ്ന്റിംഗ് വർക് ഷോപ്പിൽ നിന്ന് കാർ കണ്ടെത്തിയതോടെയാണ് രെജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയത്.
നിറം മാറ്റാനുള്ള ശ്രമത്തിനിടെയാണ് കാർ കണ്ടെടുത്തത്. കാറിന്റെ ഇരു വശങ്ങളിലും നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന പുകക്കുഴലുകളും ചക്രങ്ങളും അഴിച്ചു മാറ്റിയ നിലയിലായിരുന്നു. കാറുടമ പള്ളിക്കൽ പകൽക്കുറി സ്വദേശി എസ്. മുഹമ്മദ് ഇർഫാനെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 ഓടെ ഇളമ്പള്ളൂരിലെ കല്യാണ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു കാറിലെ തീക്കളി.
വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴും റേസ് ചെയ്യുമ്പോഴും റേസ് ചെയ്യുമ്പോഴും സ്റ്റാർട്ട് ചെയ്യുമ്പോഴും സൈലൻസറിൽ നിന്ന് തീ വരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നമ്പർ പ്ലേറ്റ് മറച്ച നിലയിലായതിനാൽ കാർ കണ്ടെത്താനായില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉടമയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ കാറും ഉടമയും അവിടെയില്ലായിരുന്നു. കാറുമായി ഉടമ അടുത്ത ദിവസം ഹാജരാകണമെന്ന് വീട്ടുകാരോട് നിർദേശിച്ചെങ്കിലും എത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖത്തലയിൽ നിന്നും കാർ പിടിച്ചെടുത്തത്.