നന്ദികേശന്റെ ശി​രസി​ലുണ്ട് സ്നേഹയുടെ സാമർത്ഥ്യം

Thursday 12 February 2026 1:26 AM IST

കൊല്ലം: മൂപ്പെത്തിയ കുമ്പിൾ തടിയിൽ സ്നേഹ ഉളി കുത്തുമ്പോൾ, നന്ദികേശ ശിരസിന് സൗന്ദര്യം കൂടും. കെട്ടുകാഴ്ചകളിൽ നന്ദികേശ ശിരസിന്റെ പ്രൗഢിയും ആരാധകവൃന്ദവും ഏറെ ആകർഷികപ്പെട്ടപ്പോഴാണ് വള്ളികുന്നം ചിറയുടെ വടക്കതിൽ പി.എസ്.സദനത്തിൽ പി.എസ്.സ്നേഹ (25) സ്നേഹ ഉളിയുമായി തടി​കൾക്കൊപ്പം കൂടിയത്.

കെട്ടുത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന കെട്ടുകാളകളുടെ ശിരസിനാണ് പ്രാധാന്യമേറെ. ശിരസിന്റെ ചാരുതയും ആ തലയെടുപ്പും ശില്പിയുടെ വൈഭവം കൂടി​ വിളിച്ചോതും. നന്ദികേശ ശില്പി വിശാഖ് കരിമുളയ്ക്കലാണ് സ്നേഹയെ ശില്പനിർമ്മാണകലയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. ചുവർ ചിത്രകലയിലെ പ്രാഗത്ഭ്യം കൈമുതലായി. ചുനക്കര മഹാദേവ ക്ഷേത്രത്തിലെ ആദ്യകാല നന്ദികേശ ശിരസിന്റെ അറ്റകുറ്റപ്പണി നടത്തി പുതിയതിന് സമാനമാക്കിയായിരുന്നു മൂന്ന് വർഷംമുൻപ് രംഗപ്രവേശം. പിന്നെ ഇരുപതിലധികം നന്ദികേശ ശിരസുകൾക്ക് പുതുമോടിയൊരുക്കി. മൂന്ന് ശിരസുകളാണ് സ്വന്തമായി തയ്യാറാക്കിയത്. ആദ്യം ചെയ്ത 'സൂര്യാഗ്നിലോചനൻ' എന്ന ശിരസ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലും ഇടംനേടി. 'ഹേമ ഭൂഷൺ' എന്ന രണ്ടാം ശില്പത്തിലൂടെ വനിതാ നന്ദികേശ ശില്പിക്കുള്ള യു.ആർ.എഫ് വേൾഡ് റെക്കാഡും ലഭിച്ചു.

2024ൽ ഭാരത് സേവക് സമാജ് പുരസ്കാരം, ആർട്ട് ആൻഡ് ലിറ്ററേച്ചർ പുരസ്കാരം, ഡോ.ബി.ആർ.അംബേദ്കർ പുരസ്കാരം എന്നിവയ്ക്കും സ്നേഹ അർഹയായി. ബോട്ടണി ബിരുദധാരിയായ സ്നേഹ ആറൻമുള വാസ്തുവിദ്യാഗുരുകുലത്തിൽ ചുവർ ചിത്ര കോഴ്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ഗുരുകുലത്തിനുവേണ്ടി ശില്പങ്ങൾ തയ്യാറാക്കുന്നുണ്ട്. കുമ്പിൾ, പാല, ഊറാവ് തടികളാണ് നന്ദികേശ ശിരസിന് ഉപയോഗിക്കുന്നത്.

തടസമായില്ല പ്രതിസന്ധികൾ

ഒരു അപകടത്തിൽ സ്നേഹയുടെ വലത് കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കൈയുടെ ചലനശേഷി ഏറെക്കുറെ നഷ്ടപ്പെട്ടു. ശസ്ത്രക്രിയയും ഫിസിയോ തെറാപ്പിയും വഴി എഴുപത് ശതമാനത്തോളം വീണ്ടെടുത്തു. ആ ബുദ്ധിമുട്ടുകളൊന്നും നിർമ്മാണ വേളയിൽ പി.എസ്.സ്നേഹയ്ക്ക് തടസമാകാറില്ല. ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് വിജേഷ് കുമാറിന്റെ പ്രോത്സാഹനമുണ്ട്. മകൻ: ആദിദേവ്.