ജില്ലയ്ക്ക് മൂന്നാം തവണയും ഭക്ഷ്യസുരക്ഷ പുരസ്‌കാരം

Thursday 12 February 2026 1:34 AM IST

കൊല്ലം: ദേശീയ തലത്തിലുള്ള ഈറ്റ് റൈറ്റ് ചലഞ്ച് നാലാം ഘട്ടത്തിൽ ഒന്നാമതെത്തി തുടർച്ചയായി മൂന്നാം തവണയും ഭക്ഷ്യസുരക്ഷാ പുരസ്‌കാരം നേടി കൊല്ലം ജില്ല. ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ, ലൈസൻസ് ഡ്രൈവുകൾ, ഭക്ഷ്യ പരിശോധനകളും സാമ്പിൾ ശേഖരണവും, ഭക്ഷ്യ സംരംഭകർക്കായി നൽകിയ പരിശീലനങ്ങൾ, ആരാധനാലയങ്ങളിൽ നടപ്പാക്കുന്ന ഭോഗ് പദ്ധതി, ജില്ലയിലെ അങ്കണവാടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ ഈറ്റ് റൈറ്റ് ക്യാമ്പസ്, സ്‌കൂൾ വിദ്യാർഥികളിൽ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള ഈറ്റ് റൈറ്റ് സ്‌കൂ തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കേരളത്തിലെ മികച്ച ജില്ലയായി കൊല്ലത്തെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഈറ്റ് റൈറ്റ് കേരള പ്രോഗ്രാമിനോടനുബന്ധിച്ച് മന്ത്രി വീണാജോർജിൽ നിന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ.സക്കീർ ഹുസൈൻ പുരസ്‌കാരം ഏറ്റുവാങ്ങി.