വിന്‍ഡീസിന് മുന്നില്‍ മുട്ടുമടക്കി ഇംഗ്ലണ്ട്; കരീബിയന്‍ കരുത്തന്‍മാരുടെ ജയം 30 റണ്‍സിന്

Wednesday 11 February 2026 10:57 PM IST

മുംബയ്: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസിന് 30 റണ്‍സ് വിജയം. 197 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലീഷ് മറുപടി 19 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. രണ്ട് മത്സരങ്ങളിലും വിജയിച്ച വിന്‍ഡീസ് ഗ്രൂപ്പില്‍ ഒന്നാമതായി. നേപ്പാളിന് മുന്നില്‍ കഷ്ടിച്ച് രക്ഷപ്പെട്ട ഇംഗ്ലണ്ട് വിന്‍ഡീസിന് മുന്നില്‍ അടിപതറി വീഴുകയായിരുന്നു. പുറത്താകാതെ 43(30) റണ്‍സ് നേടിയ സാം കറന്‍ ആണ് ടോപ് സ്‌കോറര്‍. അര്‍ദ്ധ സെഞ്ച്വറി നേടിയ വിന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റുതര്‍ഫോഡ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 30(14), ജോസ് ബട്‌ലര്‍ 21(14) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. മൂന്നാമനായി എത്തിയ ജേക്കബ് ബെഥല്‍ 33(23) റണ്‍സും നേടി. 6.4 ഓവറില്‍ 74ന് ഒന്ന് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. ടോം ബാന്റണ്‍ 2(4), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 17(14) വില്‍ ജാക്‌സ് 2(3) എന്നിവര്‍ നിരാശപ്പെടുത്തി. ജേമി ഓവര്‍ടണ്‍ 5(6), ജോഫ്ര ആര്‍ച്ചര്‍ 6(4), ലിയാം ഡോസന്‍ 1(1) ആദില്‍ റഷീദ് 0(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകള്‍. വിന്‍ഡീസിനായി ഗൂഡകേഷ് മോട്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ബ്രാന്‍ഡണ്‍ കിംഗ് 1(3), ക്യാപ്റ്റന്‍ ഷായ് ഹോപ്പ് 0(3) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്മയര്‍ 23(12), റോസ്റ്റണ്‍ ചേസ് 34(29) എന്നിവര്‍ തിളങ്ങി. അഞ്ചാമനായി ക്രീസിലെത്തി 42 പന്തുകളില്‍ നിന്ന് 76 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷെര്‍ഫെയ്ന്‍ റുതര്‍ഫോഡ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഏഴ് സിക്‌സറുകളും രണ്ട് ബൗണ്ടറികളുമാണ് ഇടങ്കയ്യന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

റോവ്മാന്‍ പവല്‍ 14(13) റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 33(17) റണ്‍സും നേടി പുറത്തായി. റൊമാരിയോ ഷെപ്പേര്‍ഡ് 1*(1) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ജേമി ഓവര്‍ടണ്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.