ശബരിമലയിലെ കൊടിമര നിർമാണം; ഫയലുകൾ വിജിലൻസിന് കെെമാറി എസ്ഐടി

Thursday 12 February 2026 8:31 AM IST

കൊച്ചി: ശബരിമലയിൽ 2017ൽ കൊടിമരം പുതുക്കി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിജിലൻസിന് കെെമാറി. സ്വർണം സംഭാവന ചെയ്ത 27 പേർ, അഭിഭാഷക കമ്മിഷണർ അഡ്വ.എ.എസ്.പി.കുറുപ്പ് എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

അഡ്വ.എ.എസ്.പി.കുറുപ്പ് ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം സ്വീകരിച്ചത് ക്രമക്കേടാണെന്ന് ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ദേവസ്വം വിജിലൻസ് കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ കുറുപ്പ് നേരിട്ട് സ്വർണം സ്വീകരിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ആകെ വേണ്ടിവന്ന 9573 ഗ്രാം സ്വർണത്തിൽ 412.010 ഗ്രാം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നു. ഇതെല്ലാം സ്വീകരിച്ചത് കുറുപ്പിന്റെ നേതൃത്വത്തിലാണ്. 2017 ജൂൺ 10ന് ഒരു സിനിമാ നിർമ്മാതാവും മറ്റൊരാളും ചേർന്ന് നൽകിയ 246.520 ഗ്രാം സ്വർണ ബിസ്കറ്റുകളും (999.9 പരിശുദ്ധിയുള്ളത്) ഇതിലുൾപ്പെടും. ഇവ മഹസറിൽ രേഖപ്പെടുത്തി, തിരുവാഭരണം കമ്മിഷണർ മുഖേന വെങ്കിടേഷ് എന്ന ശില്പിക്ക് കൈമാറുകയായിരുന്നു. ദേവസ്വം ബോ‌ർഡിൽ പാസാക്കിയ കണക്കാണിത്. രേഖകൾ ഹൈക്കോടതിയിലും നൽകിയിട്ടുണ്ട്. എന്നാൽ സ്വർണം സംഭാവന നൽകിയവർക്ക് ഫോം 3എ രസീത് നൽകിയില്ല. അഭിഭാഷക കമ്മിഷണറുടെ നടപടി അധികാരപരിധി മറികടന്നുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്.