'താരിഖിന്റെ ബൗളിംഗ് ആക്ഷൻ സ്വാഭാവിക ശൈലി', പാക് താരത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ
കൊളംബോ: ട്വന്റി- 20 ലോകകപ്പിൽ പാകിസ്ഥാൻ താരം ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദം. ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയ്‌ക്കെതിരായിരുന്നു താരിഖിന്റെ അരങ്ങേറ്റ മത്സരം. 27 റൺസിന് താരിഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ വിജയതീരത്തെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ബൗളിംഗ് ശൈലിയാണ് സമൂഹമാദ്ധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും ചർച്ചയായത്. ഇപ്പോഴിതാ വിവാദങ്ങൾക്കിടയിലും താരിഖിന്റെ ബൗളിംഗ് ശൈലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.
സാധാരണ സ്പിന്നർമാരിൽ നിന്ന് വ്യത്യസ്തമായി, കൈമുട്ട് വളച്ച് റൺഅപ്പിനിടയിൽ അസാധാരണമായി നിർത്തുന്നതാണ് താരിഖിന്റെ ബൗളിംഗ് ആക്ഷൻ. നേരത്തെ ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീനും താരിഖിന്റെ ആക്ഷനെ ചോദ്യം ചെയ്തിരുന്നു. ഫുടബോൾ പെനാൽറ്റി കിക്കുകളിൽ താരങ്ങൾ ഇടയ്ക്ക് നിർത്തുന്നത് നിരോധിച്ചതുപോലെ ക്രിക്കറ്റിലും ഇത്തരം രീതികൾ അനുവദിക്കരുതെന്ന് മുൻ ഇന്ത്യൻ താരം ശ്രീവത്സ ഗോസ്വാമി എക്സിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഗോസ്വാമിയുടെ പോസ്റ്റിന് മറുപടിയായാണ് അശ്വിൻ തന്റെ നിലപാട് എക്‌സിൽ കുറിച്ചത്. ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്രയധികം നിയന്ത്രണങ്ങളെന്ന് അശ്വിൻ ചോദിക്കുന്നു.
'ബാറ്റർമാർക്ക് ബൗളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും കളിക്കാം. എന്നാൽ ബൗളർക്ക് ബൗളിംഗ് ആക്ഷൻ മാറ്റണമെങ്കിൽ മുൻകൂട്ടി അറിയിക്കണം. നിയമങ്ങളിലെ ഇത്തരം വിവേചനമാണ് ആദ്യം മാറേണ്ടത്'.- അശ്വിൻ എക്സിൽ കുറിച്ചു. ഒരു ബൗളറുടെ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ വളയുന്നുണ്ടോ എന്നത് ഗ്രൗണ്ടിലുള്ള അമ്പയർക്ക് കൃത്യമായി കണ്ടെത്തുക അസാധ്യമാണെന്നും, ഇതിനായി ലൈവായ സാങ്കേതികവിദ്യകൾ വേണമെന്നും അശ്വിൻ കൂട്ടിച്ചേർത്തു. താരിഖിന്റെ ബൗളിംഗ് ആക്ഷൻ അദ്ദേഹത്തിന്റെ സ്വാഭാവിക ശൈലിയാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും അശ്വിൻ കുറിച്ചു.
നേരത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിലും (പിഎസ്എൽ) താരിഖ് പരാതികൾ നേരിട്ടിരുന്നെങ്കിലും പരിശോധനയിൽ അദ്ദേഹം ക്ലീൻ ചിറ്റ് നേടിയിരുന്നു. ഐസിസി നിയമങ്ങൾക്കനുസരിച്ചാണ് താരിഖ് പന്തെറിയുന്നതെന്ന് മുൻ അന്താരാഷ്ട്ര അമ്പയർ അനിൽ ചൗധരിയും സ്ഥിരീകരിച്ചിട്ടുണ്ട്.