പുതിയ ബ്രാൻഡിയുടെ പേരിടൽ മത്സരം; തുടർനടപടികളിൽ ഹൈക്കോടതിയുടെ സ്റ്റേ

Thursday 12 February 2026 4:33 PM IST

കൊച്ചി: ബിവറേജ് കോർപ്പറേഷൻ പുറത്തിറക്കുന്ന മദ്യത്തിന്റെ പേരിടൽ മത്സരത്തിന്റെ എല്ലാ തുടർനടപടികളും സ്​റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം എം സഞ്ജീവ് കുമാർ നൽകിയ ഹർജിയിലാണ് നടപടി. ബിവറേജ് കോർപ്പറേഷന്റെ കീഴിൽ മലബാർ ഡിസ്‌റ്റിലറീസ് നിർമിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര്, ലോഗോ ഉൾപ്പെടെ നിർദ്ദേശിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് സഞ്ജീവ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.

ഇത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്നും സർക്കാർ സ്ഥാപനം തന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വാദം നടക്കുന്നതിനിടയിൽ ബിവറേജ് കോർപ്പറേഷനും നിലപാട് വ്യക്തമാക്കി. ഇത്തരത്തിലൊരു ബ്രാൻഡി നിർമിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് ഒരു തരത്തിലുള്ള വിജ്ഞാപനവും പുറത്തിറക്കിയിട്ടില്ലെന്നായിരുന്നു ബിവറേജ് കോർപ്പറേഷൻ കോടതിയെ അറിയിച്ചത്. എന്നാൽ ഇതിനെതിരെ മലബാർ ഡിസ്റ്റിലറീസും രംഗത്തെത്തി. തുടർവാദങ്ങൾ കേൾക്കുന്നവരെ മത്സരം നടത്തുന്ന നടപടികൾ സ്​റ്റേ ചെയ്തിരിക്കുകയാണ്. മാർച്ച് 12ന് കോടതി കേസ് വീണ്ടും പരിഗണിക്കും. മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന തരത്തിലുള്ള പരസ്യം നേരത്തെ വിവാദമായിരുന്നു.