ആർച്ച് ബിഷപ്പിന്റെ നിരീക്ഷണം ഗൗരവതരം: സിറോ മലബാർസഭ

Thursday 12 February 2026 5:16 PM IST

കൊച്ചി: സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ തീവ്രവാദ സ്വഭാവമുള്ള നിരോധിത സംഘടന നടത്തിയ ഇടപെടലുകളെക്കുറിച്ച് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നടത്തിയ നിരീക്ഷണങ്ങൾ ഗൗരവതരമാണെന്ന് സിറോമലബാർസഭ. അദ്ദേഹത്തിനെതിരായ വിമർശനങ്ങളെ നേരിടുമെന്ന് സഭാ വക്താവ് അറിയിച്ചു. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചുമാണ് താഴത്ത് അഭിമുഖത്തിൽ വിവരിച്ചത്. സഭയിലെ നിസാരമായ കാര്യങ്ങളിൽപ്പോലും ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുന്ന ബാഹ്യശക്തികളെക്കുറിച്ചും സൂചിപ്പിച്ചു.

അഭിമുഖം പ്രസിദ്ധീകരിച്ചശേഷം ചില പ്രതികരണങ്ങൾ അദ്ദേഹം ഉന്നയിച്ച വിഷയത്തെ യഥാർത്ഥലക്ഷ്യത്തിൽ നിന്ന് വഴിതിരിച്ചുവിടുന്നവയാണ്. ഇതര മതങ്ങളെയോ മതനേതാക്കന്മാരെയോ, മതവിശ്വാസങ്ങളെയോ അദ്ദേഹം വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മതസൗഹാർദ്ദത്തിന് തടസമായി യാതൊന്നും പറഞ്ഞിട്ടില്ല. സഭയിലെ അനുഭവജ്ഞാനമുള്ള മുതിർന്ന വൈദിക മേലദ്ധ്യക്ഷനെന്ന നിലയിൽ, വിശ്വാസികളുടെ തിരിച്ചറിവിലേക്കും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കും നടത്തിയ തുറന്നുപറച്ചിൽ തെറ്റായി വ്യാഖ്യാനിച്ചവരും സ്വാർത്ഥതാല്പര്യങ്ങളെ മുൻനിറുത്തി പ്രതികരിച്ചവരുമാണ് അഭിമുഖത്തെ വിവാദമാക്കിയത്.

അഭിമുഖത്തിന്റെ പേരിൽ താഴത്തിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം പ്രവണതകളെ സഭ അപലപിക്കുന്നു. അദ്ദേഹം പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സഭാവിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണം. ആൻഡ്രൂസ് താഴത്തിനൊപ്പം സഭാസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സഭാ വക്താവ് ഫാ.ടോം ഓലിക്കരോട്ട്‌ അറിയിച്ചു.