കോതമംഗലത്ത് വീണ്ടും ആന്റണി - ഷിബു പോരാട്ടത്തിന് സാദ്ധ്യത
കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിൽ 2021ലെ പോരാട്ടം ആവർത്തിക്കാനുള്ള സാദ്ധ്യത തെളിയുന്നു. 2021ൽ എൽ.ഡി.എഫിനായി സി.പി.എമ്മിലെ ആന്റണി ജോൺ എം.എൽ.എയും യു.ഡി.എഫിനായി കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം.
സിറ്റിംഗ് എം.എൽ.എയായ ആന്റണി ജോണിനെ മൂന്നാംവട്ടവും രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. ഷിബു തെക്കുംപുറത്തിന്റെ കാര്യത്തിൽ കേരള കോൺഗ്രസിന്റെ തീരുമാനവും സമാനമാണ്. ഇരുമുന്നണികളിലും അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ ആന്റണി - ഷിബു പോരാട്ടം ഉറപ്പാണ്.
ടി.യു.കുരുവിളയെ പരാജയപ്പെടുത്തിയാണ് 2016ൽ ആന്റണി ജോൺ യു.ഡി.എഫ് കോട്ടയായ കോതമംഗലം പിടിച്ചെടുത്തത്. ടേം നിബന്ധനയിൽ ഇളവ് നൽകി ആന്റണി ജോണിനെ വീണ്ടും രംഗത്തിറക്കാനാണ് ആലോചന. വിജയസാദ്ധ്യതയാണ് പാർട്ടിയും മുന്നണിയും പ്രധാനമായും പരിഗണിക്കുന്നത്.
യു.ഡി.എഫിൽ കേരള കോൺഗ്രസിനുതന്നെയാണ് കോതമംഗലം സീറ്റെന്ന് തീരുമാനമായിട്ടുണ്ട്. സീറ്റ് ഏറ്റെടുക്കണമെന്ന ഒരുവിഭാഗം കോൺഗ്രസുകാരുടെയും സീറ്റ് വിട്ടുനൽകണമെന്ന കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെയും വാദം യു.ഡി.എഫ് നേതൃത്വം അംഗീകരിച്ചിട്ടില്ല. ഷിബു തെക്കുംപുറത്തെ തന്നെ രംഗത്തിറക്കാനാണ് കേരള കോൺഗ്രസ് നേതൃതലത്തിലെ ധാരണ. മറ്റ് ചില പേരുകൾ കൂടി ഉയർന്നുവന്നെങ്കിലും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാമതൊരു അവസരം കൂടി ഷിബുവിന് നൽകാനാണ് തീരുമാനം. എൽ.ഡി.എഫ് വികസന മുന്നേറ്റയാത്രയ്ക്ക് മുന്നോടിയായി നടത്തിയ പ്രചാരണ യാത്രയുടെ ക്യാപ്റ്റൻ ആന്റണി ജോൺ എം.എൽ.എയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്രയോടെയാണ് യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഈ യാത്രയുടെ മണ്ഡലം പ്രചാരണ ജാഥയുടെ ക്യാപ്റ്റൻ ഷിബു തെക്കുംപുറമാണ്.
കണക്കുകൾ
2021
ഭൂരിപക്ഷം 6605
ആന്റണി ജോൺ : 64234, (46.99%)
ഷിബു തെക്കുംപുറം : 57,629 (42.16%)
2016
ഭൂരിപക്ഷം 19282
ആന്റണി ജോൺ : 65467 (49.26%)
ടി.യു.കുരുവിള : 46185 ( 37.88 %)
ട്വന്റി 20 നിർണായകം ഇക്കുറി തിരഞ്ഞെടുപ്പിൽ ട്വന്റി 20യും എൻ.ഡി.എയും കോതമംഗലത്ത് നിർണായകമാകും. 2021ൽ എൽ.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് ട്വന്റി 20യുടെ ഡോ.ജോ ജോസഫ് നേടിയിരുന്നു. പി.ജെ.ജോസഫിന്റെ മകളുടെ ഭർത്താവാണ് ഇദ്ദേഹം. സ്വന്തം തട്ടകത്തിൽ ഷിബു തെക്കുംപുറം തോൽക്കാൻ കാരണമായത് ജോ ആയിരുന്നു. ട്വന്റി 20 ഇക്കുറി എൻ.ഡി.എയുടെ ഭാഗമാണ്. ബി.ഡി.ജെ.എസിന്റെ ഷൈൻ കൃഷ്ണനാണ് 2021ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായത്. 4532 വോട്ട് നേടി. 2016ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ പി.സി.സിറിയക്കിന് ലഭിച്ചത് 12,926 വോട്ടാണ്.