ജില്ലയിൽ ഏഴിടങ്ങളിൽ തീപിടിത്തം

Friday 13 February 2026 12:40 AM IST

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഏഴിടങ്ങളിൽ തീപിടിത്തമുണ്ടായി, ആളപായമില്ല. അംഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കുമ്പളാംപൊയ്ക ഉതിമൂട് സ്വദേശി രാധാകൃഷ്ണന്റെ രണ്ട് ഏക്കറോളം വരുന്ന പാറക്കെട്ട് നിറഞ്ഞ സ്ഥലത്ത് പുല്ലിനും അടിക്കാടിനും തീ പിടിച്ചു. അഗ്നിരക്ഷാ സേന ഫയർ ബീറ്റർ ഉപയോഗിച്ച് തീ കെടുത്തി. നരിയാപുരം ഭാഗത്ത് ഏലിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന റബർ തോട്ടത്തിലെ അടിക്കാടിന് തീ പിടിച്ചതും കെടുത്തി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപം അക്വേറിയത്തിന് പിന്നിൽ കൂട്ടിയിട്ടിരുന്ന പുല്ലിനും മാലിന്യത്തിനും തൊട്ടടുത്ത് നിന്ന മരത്തിനും തീ പിടിച്ചു. വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. പുത്തൻപീടിക മലമാക്കാവ് ഭാഗത്ത് കുഞ്ഞുകുട്ടി എന്നയാളുടെയും സമീപ പറമ്പിലെയും പുല്ലിനും അടിക്കാടിനും തീ പിടിച്ചു. വി. കോട്ടയത്ത് കുളിക്കുന്ന പാറ ഭാഗത്ത് നെല്ലിമൂട്ടിൽ നാരായണൻ നായരുടെ അഞ്ച് ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ അടിക്കാട് കത്തി. വെട്ടിപ്പുറം അഞ്ചക്കാല ഭാഗത്ത് ജോസഫ് പാവുവിന്റെ പത്ത് ഏക്കറോളം വരുന്ന സ്ഥലത്തെ തേക്ക്, റബർ തോട്ടത്തിലെ അടിക്കാടിന് തീ പിടിച്ചു. മുണ്ടുകോട്ടക്കൽ ഭാഗത്തും റബർ അടിക്കാടിന് തീ പിടിച്ചു.