തകര്‍ത്തടിച്ച് ഇഷാന്‍ കിഷനും ഹാര്‍ദികും, ഇന്ത്യക്കെതിരെ നമീബിയക്ക് കൂറ്റന്‍ വിജയലക്ഷ്യം

Thursday 12 February 2026 8:48 PM IST

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ നമീബയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്. ഇന്നിംഗ്‌സിലെ അവസാന 11 പന്തുകളില്‍ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

എട്ട് പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടി മികച്ച തുടക്കമാണ് ഓപ്പണര്‍ സഞ്ജു സാംസണ്‍ ഇന്ത്യക്ക് സമ്മാനിച്ചത്. മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 24 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും സഹിതം 61 റണ്‍സ് നേടി. തിലക് വര്‍മ്മ 25(21), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12(13) എന്നിവര്‍ പെട്ടെന്ന് പുറത്തായി. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ - ശിവം ദൂബെ സഖ്യം 81 റണ്‍സ് നേടി.

28 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തൊട്ടടുത്ത പന്തില്‍ ശിവം ദൂബെ റണ്ണൗട്ടായി. 16 പന്തുകളില്‍ 23 റണ്‍സായിരുന്നു ദൂബെയുടെ സംഭാവന. ഇതേ ഓവറില്‍ അക്‌സര്‍ പ്‌ട്ടേല്‍ 0(1) ക്ലീന്‍ ബൗള്‍ഡ് ആയി. നമീബിയക്കായി ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ബെന്‍ ഷികോംഗോ, ജെജെ സ്മിത്, ബെര്‍ണാഡ് ഷോള്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.