ടി.മാധവ മേനോൻ അന്തരിച്ചു

Friday 13 February 2026 12:33 AM IST

തിരുവനന്തപുരം : കേരള കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും കേരള സർക്കാരിന്റെ കേരളപ്രഭ പുരസ്‌കാര ജേതാവുമായ ടി.മാധവ മേനോൻ (96) അന്തരിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗർ ബി.എൻ 333 സായികൃപയിൽ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കഴക്കൂട്ടം ശാന്തിതീരം ശ്മശാനത്തിൽ.

1954 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പൊതു ഭരണം, ഗോത്രവർഗ ക്ഷേമം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയസംഭാവനകൾ നൽകി. പാലക്കാട് ജില്ലാ കളക്ടർ, ഡൽഹിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ, ട്രൈബൽ വെൽഫെയർ ഡയറക്ടർ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ, ട്രാവൻകൂർ ടൈറ്റാനിയം എം.ഡി തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ അഹാഡ്സിന്റെ ഗവേണിംഗ് കൗൺസിൽ അംഗമാണ്. വിരമിച്ച ശേഷം നരവംശ ശാസ്ത്ര പഠനങ്ങളിലും ഗോത്രവർഗ ക്ഷേമപ്രവർത്തനങ്ങളിലും സജീവമായിരുന്നു.

1973 - 75 കാലഘട്ടത്തിൽ വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ചെയർമാൻ, 2001ൽ ആദിവാസി മാസ്റ്റർ പ്ലാൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 'എൻസൈക്ലോപീഡിയ ഒഫ് ദ്രവീഡിയൻ ട്രൈബ്സ്' ചീഫ് എഡിറ്ററായിരുന്നു. 'ട്രൈബൽ ഡെവലപ്‌മെന്റ് ഇൻ ഇന്ത്യ: ഫ്രം ഡെസ്‌പയർ ടു ഹോപ്' തുടങ്ങി ഗോത്രവർഗ മേഖലയിലെയും ഹാൻഡ് ബുക്ക് ഒഫ് കേരള, മദർ ഗോഡസസ് വർഷിപ്പ് ഇൻ കേരള ആൻഡ് ബംഗാൾ തുടങ്ങി നരവംശമേഖലയിലെയും ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവാണ്.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ഗോത്ര പൈതൃകത്തിലേക്ക് വിരൽചൂണ്ടുന്ന 'കേരളോത്പത്തി', 'കേരളപ്പഴമ' തുടങ്ങിയ ഗ്രന്ഥങ്ങൾ ദി ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിനായി മൊഴിമാറ്റം നടത്തി. 'പീപ്പിൾ ഒഫ് ഇന്ത്യ: കേരള സീരീസ്' പ്രോജക്ടിന്റെ ഭാഗമായും ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ദ്രവിഡീയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ ആയും പ്രവർത്തിച്ചു. ഭാര്യ: മണി. മക്കൾ: മഹേഷ്(ബംഗളൂരു), മായ (മാദ്ധ്യമ പ്രവർത്തക). മരുമക്കൾ: ശ്രീജിത്ത് ശ്രീധരൻ, പരേതയായ ദീപ്തി. ചെറുമകൻ: ഓംകാർ.