ദേശീയ പണിമുടക്ക് കോഴിക്കോട്ടും വയനാട്ടിലും സമാധാനപരം
കോഴിക്കോട്: തൊഴിൽകോഡുൾപ്പെടെ കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകൾ നടത്തിയ ദേശീയ പണിമുടക്ക് കോഴിക്കോട്ട് പൂർണം. പതിവ് പണിമുടക്കുകളിൽ നിന്ന് വിപരീതമായി തട്ടുകടകൾപോലും പ്രവർത്തിച്ചില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. മിഠായിത്തെരുവും വലിയങ്ങാടിയും പാളയവുമെല്ലാം സ്തംഭിച്ചു. അത്യാവശ്യങ്ങൾക്കായി നഗരത്തിലെത്തിയവരും ആശുപത്രിയിലേക്ക് പോകുന്നവരുമടക്കം പണിമുടക്കിൽ വലഞ്ഞു. റെയിൽവേസ്റ്റേഷനിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പുലർച്ചെ മുതൽ എത്തിയവർ കുടുങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് ആളുകളുമായി പോകുന്ന ഓട്ടോകൾ തടഞ്ഞ് ആളുകളെ വഴിയിലിറക്കിവിടുന്ന സംഭവവുമുണ്ടായി. സർക്കാർ ഓഫീസുകളിൽ ഭൂരിഭാഗവും ആളില്ലാത്തതിനാൽ പ്രവർത്തിച്ചില്ല. വടകര: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് വടകരയിലും പരിസര പ്രദേശങ്ങളിലും പൂർണം. പൊതു ഗതാഗതം സ്തംഭിച്ചു. കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രം നിരത്തിലിറങ്ങി. വടകര ഹെഡ് പൊസ്റ്റ് ഓഫീസിനു മുന്നിലും ഏരിയയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലും ഉപരോധ സമരവും നടന്നു. സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ വടകര ഹെഡ് പൊസ്റ്റാഫീസിനു മുന്നിൽ നടന്ന ധർണ സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.സി സുരേഷ് ഉദ്ഘാടനം ചെയ്തു. മന്തരത്തൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണ സമരം കെ ലിനീഷ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി, കായക്കൊടി, മരുതോങ്കര കാവിലുംപാറ, കുന്നുമ്മൽ പഞ്ചായത്തുകളിലെ കച്ചവട സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞ് കിടന്നു. താമരശ്ശേരി താലൂക്ക് ഓഫീസിൽ 63 പേരിൽ മൂന്നു പേർ ജോലിക്കെത്തി. ജില്ലയിലെ വില്ലേജ് ഓഫിസുകൾ രാവിലെ തുറന്ന് പ്രവർത്തിച്ചെങ്കിലും സമരാനുകൂലികൾ പൂട്ടിച്ചു. താമരശ്ശേരി റൂറൽ ജില്ലാ ട്രഷറിയിൽ 35 ൽ അഞ്ചു പേർ ഹാജറായി. ഉച്ചയോടെ സമരാനുകൂലികൾ ട്രഷറി പൂട്ടിച്ചു. കൊയിലാണ്ടി:ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.
ആശ്വാസമായി ജയിൽ ചപ്പാത്തി വണ്ടി
കോഴിക്കോട്: പണിമുടക്കിനെത്തുടർന്ന് നഗരം പൂർണമായി സ്തംഭിച്ചപ്പോൾ ആശ്വാസമായി ജയിൽ ചപ്പാത്തി വണ്ടി. ചപ്പാത്തിയും ചിക്കൻകറിയും ചിക്കൻപൊരിച്ചതുമൊക്കെയായി മാനാഞ്ചിറ എസ്.കെ.പ്രതിമയ്ക്ക് മുമ്പിൽ നിർത്തിയിട്ട ജയിൽ ചപ്പാത്തിവാനിൽ ഭക്ഷണപൊതികൾക്കായി വലിയ തിരക്കായിരുന്നു. മുപ്പത് രൂപയ്ക്ക് പത്തുചപ്പാത്തി, 70 രൂപയ്ക്ക് ചിക്കൻ ബിരിയാണി, 65 രൂപയ്ക്ക് ചിക്കൻ 65, 30 രൂപയ്ക്ക് ചിക്കൻകറി, 20 രൂപയ്ക്ക് പച്ചക്കറി.
സമരാനുകൂലികളും സ്ഥാപന ഉടമകളും തമ്മിൽ വാക്കുതർക്കം
പയ്യോളി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് പയ്യോളിയിൽ പൂർണം. ഒന്നുരണ്ടിടങ്ങളിൽ സമരാനുകൂലികളും സ്ഥാപന ഉടമകളും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായതൊഴിച്ചാൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പയ്യോളി പോസ്റ്റ് ഓഫീസ് തുറന്നതറിഞ്ഞ് സമരാനുകൂലികൾ എത്തുകയും ഉദ്യോഗസ്ഥനുമായി വാക്തർക്കത്തിലാവുകയും ചെയ്തു. തുടർന്ന് ഓഫീസ് അടച്ചുപൂട്ടി. പയ്യോളിയിലെ തെനങ്കാലിൽ തുറന്ന പെട്രോൾ പമ്പ് സമരാനുകൂലികൾ പൂട്ടിക്കാനെത്തി. പമ്പ് അധികൃതർ പൊലീസിന്റെ സഹായം തേടുകയുമായിരുന്നു. മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു.
സ്കൂളിനു മുൻപിൽ സംഘർഷം
കോഴിക്കോട് കോയാറോഡിലെ ജി.എം.യു.പി സ്കൂളിലെത്തിയ അദ്ധ്യാപകരേയും കുട്ടികളേയും സമരക്കാർ തടഞ്ഞ് തിരിച്ചയച്ചു. രാവിലെ സ്കൂളിൽ കുറച്ച് കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. സ്കൂൾ പ്രവർത്തിക്കുന്നെന്നറിഞ്ഞ് സ്ഥലത്തെത്തിയ സമരക്കാർ കുട്ടികളോടും അദ്ധ്യാപകരോടും പുറത്തിറങ്ങാനാവശ്യപ്പെട്ടു. തുടർന്ന് ഗേറ്റടച്ച ശേഷം ഗേറ്റിനുമുമ്പിലിരുന്ന് മുദ്രാവാക്യം വിളിച്ചു. രക്ഷിതാക്കളടക്കം ചില നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. മൂന്നുമണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു. അദ്ധ്യാപകരും കുട്ടികളുമെല്ലാം പിരിഞ്ഞുപോയതോടെ സമരക്കാർ പിൻമാറി. അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ല. അതേസമയം സമരം മുന്നിൽകണ്ട് കുട്ടികളുടെ സുരക്ഷയോർത്ത് ജില്ലയിലെ മറ്റ് സ്കൂളുകൾക്കെല്ലാം അവധി നൽകിയിരുന്നു.
വയനാട്ടിൽ നാടും നഗരവും നിശ്ചലം
കൽപ്പറ്റ: കേന്ദ്രനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് വയനാട്ടിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയില്ല. സർക്കാർ അർദ്ധ സർക്കാർ ഓഫീസുകൾ നിശ്ചലമായിരുന്നു. തോട്ടം മേഖലകളിൽ തൊഴിലാളികൾ ജോലിക്കെത്തിയില്ല. അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. സമരാനുകൂലികൾ ജില്ലയിൽ വിവിധ ഇടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. കൽപ്പറ്റയിൽ ലോറി തടഞ്ഞ സംഭവം തർക്കത്തിൽ കലാശിച്ചു. ലോറി ഡ്രൈവറെ സമരക്കാർ അസഭ്യം പറഞ്ഞെന്ന് പരാതി ഉയർന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കെ.എസ്.ആർ.ടി.സി ചില ദീർഘദൂര സർവീസുകൾ നടത്തി. എന്നാൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ദീർഘ ദൂര സർവീസുകൾ ജില്ലാ അതിർത്തിയിൽ നിർത്തിയിടേണ്ടി വന്നു. ജില്ലാ കളക്ടറേറ്റ് അടക്കം സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. പണിമുടക്കിയ തൊഴിലാളികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി.