ആദ്യ ബലാത്സംഗക്കേസിൽ രാഹുലിന് മുൻകൂർജാമ്യം ബന്ധം ഉഭയസമ്മത പ്രകാരം എന്ന് ഹൈക്കോടതി
കൊച്ചി: ആദ്യ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്ക് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യാ ബന്ധം ഉഭയ സമ്മതപ്രകാരമായിരുന്നെന്നും ഗർഭച്ഛിദ്രത്തിനായി പരാതിക്കാരി മരുന്ന് സ്വമേധയാ കഴിക്കുകയായിരുന്നെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിലയിരുത്തി.
മുതിർന്ന രണ്ടു വ്യക്തികൾ തമ്മിൽ പല തവണയുണ്ടായ ശാരീരിക ബന്ധത്തെ, അതിലൊരാൾ നടത്തിയ ലൈംഗികാതിക്രമമായി കാണാനാകില്ല. ധാർമ്മിക മൂല്യങ്ങൾ കേസിന്റെ നിയമപരമായ സാധുതയിൽ പരിഗണന വിഷയമല്ലെന്നും കോടതി പറഞ്ഞു. പല സ്ത്രീകളുമായും ഹർജിക്കാരന് ഇത്തരം ബന്ധമുണ്ടെന്നും മൂന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചത് തള്ളിയാണ് കോടതിയുടെ വിശദീകരണം.
ബന്ധം ഉഭയ സമ്മതപ്രകാരമായിരുന്നോ, ഗർഭച്ഛിദ്രത്തിനായി സ്വമേധയാ ഗുളിക കഴിക്കുകയായിരുന്നോ എന്നിവയിൽ അന്തിമ തീരുമാനമുണ്ടാകേണ്ടത് വിചാരണയിലൂടെയാണെന്നും കോടതി വ്യക്തമാക്കി.
2025 ജനുവരി മുതൽ മേയ് അവസാനം വരെയാണ് പരാതിക്കാരിയും രാഹുലുമായി ബന്ധം ഉണ്ടായിരുന്നത്. ഇതിൽ അവസാനകാലയളവിൽ തന്റെ സമ്മതമില്ലാതെ രാഹുൽ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
16ന് ഹാജരാകണം; മൂന്ന്
ദിവസം ചോദ്യം ചെയ്യാം രാഹുൽ മാങ്കൂട്ടത്തിൽ 16ന് രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മൊബൈൽ ഫോൺ കൈമാറണം. തുടർച്ചയായി മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ചോദ്യം ചെയ്യാം. ഇത് കസ്റ്റഡിയായി കണക്കിലെടുക്കാം. മെഡിക്കൽ പരിശോധനയ്‌ക്കടക്കം വിധേയനാക്കാം. അറസ്റ്റുചെയ്താൽ ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്‌ക്കണം. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്‌പോർട്ട് പൊലീസിന് കൈമാറണം, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.