കെൽട്രോണിന് വിദേശ പ്രതിരോധ കരാർ

Friday 13 February 2026 12:09 AM IST

കൊച്ചി: സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് സൃഷ്‌ടിച്ച് കെൽട്രോൺ രണ്ട് സുപ്രധാന പദ്ധതികളുടെ കരാറുകൾ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം കളമശ്ശേരി ചക്കോളാസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ കെൽട്രോൺ മാനേജിംഗ് ഡയറക്‌ടർ ശ്രീകുമാർ നായർ പദ്ധതികളും കരാറുകളും വിശദീകരിച്ചു. സൗത്ത് ഏഷ്യ - നോർത്ത് ആഫ്രിക്ക നാവികസേനയുമായുള്ള 18 കോടി രൂപയുടെ പാസീവ് സോണാർ കയറ്റുമതി കരാർ, കോക്കോണിക്സ് ലാപ്ടോപ്പ് നിർമ്മാണ യൂണിറ്റിന്റെ പുനരുദ്ധാരണത്തിന് ഓഹരി കൈമാറ്റം എന്നിവയാണ് നടന്നത്.

കഴിഞ്ഞ വർഷം കെൽട്രോൺ 300 സോണാർ ഘടകങ്ങൾ മികച്ച ഗുണനിലവാരത്തോടെ കയറ്റമതി നടത്തി സാങ്കേതിക മികവും കൃത്യനിഷ്ഠയും തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുംബയ് ആസ്ഥാനമായ നിയോ പവറിലൂടെ കരാർ യാഥാർത്ഥ്യമായത്. കെൽട്രോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ കയറ്റുമതി കരാറാണിത്. നിയോ പവറിന് വേണ്ടി മാനേജിംഗ് ഡയറക്‌ടർ.എ.എസ്.വൽക്കറും ശ്രീകുമാർ നായരും കരാർ കൈമാറി.

കെൽട്രോണും കെ.എസ്.ഐ.ഡി.സിയും യു.എസ്.ടി ഗ്ലോബലും ചേർന്ന് രൂപീകരിച്ച കമ്പനിയാണ് കോക്കോണിക്സ്. തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്മാർട്ട് ക്ലാസ് റൂം പദ്ധതികളിൽ കെൽട്രോണുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ കെ. എസ് സ്മാർട്ട് കോക്കോണിക്സിന്റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കാനാണ് രണ്ടാമത്തെ കരാർ. കോക്കോണിക്സ് ലാപ്ടോപ്പുകളുടെ ഓഹരി കൈമാറ്റ ഉടമ്പടി ശ്രീകുമാർ നായരിൽ നിന്നും കെ. എസ് സ്മാർട്ട് ഡയറക്ടർ രോഹൻ രാമസ്വാമി ഏറ്റുവാങ്ങി.