സ്തംഭിച്ച് സെക്രട്ടേറിയറ്റ്; എത്തിയത് 496 പേർ
തിരുവനന്തപുരം: പൊതുപണിമുടക്കിൽ നിന്ന് പ്രതിപക്ഷ സംഘടനകളായ യു.ഡി.എഫ് അനുകൂല സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും ബി.ജെ.പി.അനുകൂല സംഘടനയായ എൻ.ജി.ഒ.സംഘും വിട്ടുനിന്നെങ്കിലും സെക്രട്ടേറിയറ്റിൽ ഇന്നലത്തെ ഹാജർ 496. ആകെ 4,600 ജീവനാക്കാരാണുള്ളത്. 3,290 ആണ് ശരാശരി പ്രതിദിന ഹാജർ. പണിമുടക്ക് ദിവസത്തെ ഹാജർ നില 10.6 ശതമാനമാണ്. ജോലിക്ക് ഹാജരാകാൻ ശ്രമിച്ചുവെങ്കിലും സർക്കാർ സംവിധാനങ്ങൾ സഹായം നൽകിയില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് കുറ്റപ്പെടുത്തി. അവസാന നിമിഷമാണ് ഡയസ്നോൺ ഉത്തരവ് ഇറക്കിയത്. അർദ്ധരാതി ആരംഭിച്ച പണിമുടക്ക് നേരിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് 51 മിനിട്ട് മുമ്പാണെന്നും അദ്ദേഹം പറഞ്ഞു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. ഓട്ടോ ടാക്സി സർവീസും ഉണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി.