സന്നിധാനത്തെ സിനിമ ചിത്രീകരണം: അബദ്ധം പറ്റിയെന്ന് സംവിധായകൻ
Friday 13 February 2026 12:27 AM IST
പത്തനംതിട്ട: മകരവിളക്ക് ദിവസം പമ്പയിലും സന്നിധാനത്തും അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്ത് വനംവകുപ്പ്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. അബദ്ധം പറ്റിയെന്നും പിഴയടയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാദ്ധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് ചിത്രീകരണം നടത്തിയത്. വിശദ പരിശോധനയ്ക്കായി ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ അനുരാജിനോട് വനംവകുപ്പ് ആവശ്യപ്പെട്ടു. സിനിമ ചിത്രീകരണത്തിനായി അനുരാജ് അനുമതി തേടിയിരുന്നെങ്കിലും ഹൈക്കോടതി വിലക്കും തിരക്കും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിഷേധിച്ചിരുന്നു.