പൊള്ളുന്ന വേനലിൽ നാട്; ഉയർന്ന ചൂട് കണ്ണൂരിൽ

Friday 13 February 2026 12:28 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും വേനലിൽ വലഞ്ഞ് ജനം.വരുംദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂരിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്.കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 37.2 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്.കോട്ടയം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിലും 35 ഡിഗ്രിക്ക് മുകളിലായിരുന്നു വ്യാഴാഴ്ചത്തെ താപനില.

വേനൽ കനക്കുകയാണെങ്കിൽ വൈദ്യുതി ഉപയോഗത്തിലും വർധനക്ക് സാധ്യതയുണ്ട്.കഴിഞ്ഞ ദിവസത്തെ വൈദ്യുതി ആവശ്യകത 88 ദശലക്ഷം യൂണിറ്റായിരുന്നു.ചൂട് കൂടുന്ന സാചര്യത്തിൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സൂര്യാഘാതം,സൂര്യാതപം,നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി.ധാരാളം വെള്ളം കുടിക്കുക,നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ ഒഴിവാക്കുക,പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. കാട്ടുതീ സാധ്യതയുള്ളതിനാൽ വനമേഖലയിൽ പ്രത്യേക ശ്രദ്ധവേണം.