ജൽ ജീവൻ മിഷൻ: നബാർഡ് വായ്പയും തുണയ്ക്കില്ല

Friday 13 February 2026 12:29 AM IST

□കേന്ദ്ര വിഹിതം വൈകിയാൽ നിലയ്ക്കും

മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും കേന്ദ്ര വിഹിതം ലഭിക്കാത്തത് ജൽ ജീവൻ മിഷൻ പദ്ധതിയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഫണ്ടിന്റെ അപര്യാപ്തത മൂലം നിശ്ചലാവസ്ഥയിലായ പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ ജനുവരിയിൽ നബാർഡിൽ നിന്ന് 5,000 കോടി രൂപ സംസ്ഥാന സർ‌ക്കാർ വായ്പയെടുത്തെങ്കിലും ഇത് കരാറുകാരുടെ കുടിശ്ശിക തീർക്കാൻ പോലും തികയില്ല. 2024 മാർച്ച് മുതൽ ഇതു വരെ 6,900 കോടിയോളം രൂപ കുടിശ്ശികയുണ്ട്.

2020ൽ പദ്ധതി തുടങ്ങിയ ശേഷം ഏറ്റവും കുറവ് പൈപ്പ് കണക്ഷനുകൾ നൽകിയത് ഈ സാമ്പത്തിക വർഷത്തിലാണ്- 47,484 . കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ മാത്രമാണ് 50 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചത്. ഇടുക്കി, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ 30 ശതമാനമേ നടന്നിട്ടുള്ളൂ. ഇതുവരെ 13,643 കോടിയാണ് പദ്ധതിച്ചെലവ്. ഇതിൽ 5,610 കോടി കേന്ദ്ര വിഹിതവും 8,033 കോടി സംസ്ഥാന വിഹിതവുമാണ്. പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടിയിട്ടുണ്ട്.

.

മുൻവർഷവും

കുടിശ്ശിക

എല്ലാ ഗ്രാമീണ വീടുകളിലും ടാപ്പ് വഴി ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തമുള്ള പദ്ധതിയാണ്. 2024-25 സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ 1,949 കോടി രൂപ ബഡ്ജറ്റ് വിഹിതമായി കേരളത്തിന് വകയിരുത്തിയെങ്കിലും ആദ്യ ഗഡുവായ 974.68 കോടിയേ ലഭിച്ചിട്ടുള്ളൂ. രണ്ടാം ഗഡു അനുവദിച്ചില്ല. ഈ സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ വിഹിതമായി 5,000 കോടി രൂപ ചെലവഴിക്കുന്നതിനാൽ കേന്ദ്ര വിഹിതമായി ഇത്രയും തുക ആവശ്യപ്പെടാനാകും. ചില സംസ്ഥാനങ്ങളിൽ നടത്തിപ്പിലെ ക്രമക്കേടിനെ തുടർന്നാണ് തുക അനുവദിക്കുന്നത് കേന്ദ്രം തടഞ്ഞത്.

□ആകെ ചെലവ്: 44,714 കോടി □നൽകേണ്ട പൈപ്പ് കണക്ഷൻ: 54.45 ലക്ഷം □ഇതു വരെ നൽകിയത്: 21.35 ലക്ഷം