ഡി.ജി.പിയുടെ കർശന നിർദ്ദേശം, ആശുപത്രി ആക്രമണ കേസുകൾ ജില്ലാ പൊലീസ് മേധാവിമാർ നിരീക്ഷിക്കണം

Friday 13 February 2026 12:58 AM IST

 ഐ.എം.എ പ്രതിനിധികളുമായി ചർച്ച

തിരുവനന്തപുരം: ആശുപത്രി ആക്രമണ കേസുകൾ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് നിരീക്ഷിക്കണമെന്നും കഴിയാത്ത സാഹചര്യമാണെങ്കിൽ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഡി.ജി.പി റവാഡാ ചന്ദ്രശേഖർ. ആക്രമണങ്ങൾ തടയുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം. ആക്രമണങ്ങളുണ്ടാകാതിരിക്കാനും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്നതിനും ഐ.എം.എ ചുമതലപ്പെടുത്തുന്ന ജില്ലാ ഭാരവാഹിയും ജില്ലാ പൊലീസ് മേധാവിയും തമ്മിൽ ഏകോപനമുണ്ടാകണം. സർക്കാർ ആശുപത്രികളിൽ കാര്യക്ഷമതയുള്ള സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. ആശുപത്രി അധികൃതരും ഐ.എം.എയും ആശുപത്രികളിലെ അപകടസാദ്ധ്യതയുള്ള സമയങ്ങളും സ്ഥലങ്ങളും പൊലീസിനെ അറിയിക്കണം. ആശുപത്രിയിലെത്തിക്കുന്ന പ്രതികളിൽ അക്രമസ്വഭാവമുണ്ടെങ്കിൽ പൊലീസ് മുൻകരുതലുകളെടുക്കണമെന്നും കൈവിലങ്ങ് നിർബന്ധമാക്കണമെന്നും നിർദ്ദേശിച്ചു.

എ.ഡി.ജി.പിമാരായ പി.വിജയൻ, വെങ്കിടേഷ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കാർത്തിക്, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ.മേനോൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ.എ.മാർത്താണ്ഡപിള്ള, ദേശീയ വൈസ് പ്രസിഡന്റ് ഡോ.രമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആർ.സി. ശ്രീകുമാർ, ഐ.എം.എ തിരുവനന്തപുരം മുൻ പ്രസിഡന്റ് ഡോ. ജോൺ പണിക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.