ദശലക്ഷക്കണക്കിന് വാഹനങ്ങള്‍, ഉപയോഗിക്കുന്നത് മലയാളി കമ്പനിയുടെ സാങ്കേതികവിദ്യ

Friday 13 February 2026 12:00 AM IST

തിരുവനന്തപുരം: ഓട്ടോമോട്ടീവ് രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് റേഡിയോ (എസ് .ഡി.ആര്‍) മേഖലയില്‍ ആഗോളശ്രദ്ധ ആകര്‍ഷിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്‌ട്രേഷനുള്ള ഇന്‍ടോട്ട് ടെക്നോളജീസാണ് പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ഡീപ് ടെക് രംഗത്ത് ചുവടുറപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷത്തിലധികം വാഹനങ്ങളില്‍ കമ്പനിയുടെ എസ്.ഡി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട് . രാജിത് നായര്‍, പ്രശാന്ത് തങ്കപ്പന്‍ എന്നിവരാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ടോട്ട് ടെക്നോളജീസിനു പിന്നില്‍.

ഡിജിറ്റല്‍ റേഡിയോ റിസീവറില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചിപ്പുകള്‍ക്ക് പകരം സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് സിഗ്‌നല്‍ റിസീവിംഗ് സാദ്ധ്യമാക്കുന്ന ഇന്‍ടോട്ട് ടെക്നോളജീസിന് നിലവില്‍ പന്ത്രണ്ട് പേറ്റന്റുകളുണ്ട്.

ഇന്‍നോട്ട് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ റേഡിയോ സിഗ്‌നലുകളെ ഡിജിറ്റല്‍ സിഗ്‌നലുകളാക്കി മാറ്റുന്നതിനൊപ്പം ഈ ഡിജിറ്റല്‍ സിഗ്‌നലിനെ ഡീകോഡ് ചെയ്ത് ശബ്ദമാക്കി മാറ്റുകയും ചെയ്യും. സ്മാര്‍ട്ട്ഫോണില്‍ ഒരു പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പോലെ ലളിതമായി ഡിജിറ്റല്‍ റേഡിയോ സേവനം ലഭ്യമാക്കാന്‍ സോഫ്‌റ്റ്വെയര്‍ സഹായിക്കും. കുറഞ്ഞ ചെലവ്, കൂടുതല്‍ കാര്യക്ഷമത, മിതമായ ഊര്‍ജ്ജ ഉപഭോഗം എന്നിവയാണ് സവിശേഷത.

എസ്.ഡി.ആര്‍ സവിശേഷത

വാഹനങ്ങളില്‍ ഇപ്പോള്‍ ലഭ്യമായ എ.എം, എഫ്.എം റേഡിയോ/ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തിന് പകരം അധിക വ്യക്തതയോടെ കൂടുതല്‍ ചാനലുകള്‍ ലഭ്യമാവും. പ്രകൃതി ദുരന്തം പോലുള്ള ഘട്ടങ്ങളില്‍ മൊബൈല്‍ ടവറുകളുടെ സേവനമില്ലെങ്കിലും എസ്.ഡി.ആര്‍ വഴി ആശയവിനിമയം സാദ്ധ്യമാകും.