പുതുയുഗ യാത്ര: കല്ലുകടിയായി 'സ്നേഹത്തള്ളൽ'

Friday 13 February 2026 1:59 AM IST

'കോഴിക്കോട്: കോൺഗ്രസ് പരിപാടികളിൽ സംഭവിക്കാറുള്ള സ്റ്റേജ് കൈയാങ്കളി കുറ്റ്യാടിയിൽ വീണ്ടും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിൽ ഷാഫി പറമ്പിൽ എം.പിക്ക് പ്രസംഗിക്കാൻ ഇടം കിട്ടാത്തതും അതേത്തുടർന്നുണ്ടായ തള്ളും ജാഥയുടെ ശോഭ കെടുത്താനിടയാക്കിയെന്നാണ് വിമർശനം.

എന്നാൽ ഇത് വെറും 'സ്നേഹത്തള്ളൽ ' മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഷാഫി പറമ്പിൽ എം.പി കുറേക്കൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നും ,സ്വന്തം മണ്ഡലത്തിൽ നടക്കുന്ന പരിപാടിയാണെന്ന് ആലോചിക്കണമായിരുന്നു എന്നുമാണ് പാർട്ടിയിൽ ഉയരുന്ന അഭിപ്രായം,

അതേസമയം , ജാഥയുടെ ശോഭ കെടുത്താൻ അസൂയ പൂണ്ട ചിലരാണ് ഇല്ലാത്ത കാര്യങ്ങൾ ഊതി വീർപ്പിക്കുന്നതെന്നായിരുന്നു ഇന്നലെ കോഴിക്കോട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് വി.ഡി.സതീശന്റെ പ്രതികരണം. സ്റ്റേജിൽ സംഘർഷമുണ്ടായെന്നും അതിനിടെ മുല്ലപ്പള്ളി രാമചന്ദ്രൻ വീണെന്നും പ്രചാരണമുണ്ടായി. കസേരയിൽ

നിന്ന് എഴുന്നേറ്റ് ഇരുന്നതായിരുന്നു അദ്ദേഹമെന്നും സതീശൻ പറഞ്ഞു. എന്നാൽ വേദിയിലുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞ സ്‌നേഹത്തള്ളലാണ് സോഷ്യൽ മീഡിയയിലും സി.പി.എം സൈബർപോരാളികളുടേയും പ്രധാന ആയുധം.

കുറ്റ്യാടിയിലുണ്ടായത് സ്‌നേഹത്തള്ളൽ മാത്രമായിക്കാണണം. ഷാഫി പറമ്പിലിന് നീരസമുണ്ടായിട്ടില്ല. സമയം വൈകിയതിനാലുള്ള തിരക്ക് മാത്രമാണുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. യാത്രയിൽ ഇങ്ങനെയൊരു കല്ലുകടി ഉണ്ടായതിൽ സതീശൻ വലിയ അതൃപ്തിയിലാണ്. ഇനിയുള്ള യാത്രാ സ്വീകരണ വേദികളിലെല്ലാം കൃത്യമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ജില്ലാ പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

അച്ചടക്കവും നിയന്ത്രണവും

വേണം: മുല്ലപ്പള്ളി

പാർട്ടി പരിപാടികളിൽ വേദിയിൽ അച്ചടക്കവും നിയന്ത്രണവും വേണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു . പരിപാടിയിൽ സ്റ്റേജിലുണ്ടായിരുന്ന താൻ . ചെറിയ ബഹളം കേട്ടപ്പോൾ എഴുന്നേറ്റു. പക്ഷെ വീണുപോയില്ല. അതിലിടപെടാതെ അവിടെ ഇരുന്നെന്നു മാത്രം. ഷാഫിയുടെ മണ്ഡലത്തിലെ പരിപാടിയാവുമ്പോൾ അയാൾക്ക് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടാവും. എന്തു കൊണ്ടാണ് നേരത്തെ വിളിക്കാതിരുന്നതെന്നറിയില്ല. പാർട്ടി പരിപാടികളിൽ വേദികളിൽ നിയന്ത്രണവും അച്ചടക്കവുമുണ്ടാക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമാണെന്നും

അദ്ദേഹം പറഞ്ഞു..