ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടും
മാനദണ്ഡം നിശ്ചയിക്കാൻ സമിതി നടപടി കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന്
കൊച്ചി: പതിറ്റാണ്ടിലേറെയായി വിദൂരജില്ലകളിൽ ജോലി ചെയ്യുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് വഴി തെളിയുന്നു. മാനദണ്ഡം സംബന്ധിച്ച കരട് നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ പ്രത്യേക സമിതി രൂപീകരിച്ചു.
സർവീസ് സംഘടനകളുമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം. 'സ്വന്തം ജില്ലയിലേക്കുള്ള വഴി തെളിയാതെ അദ്ധ്യാപകർ" എന്ന 'കേരളകൗമുദി" റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവരുൾപ്പെട്ടതാണ് സമിതി.
500 കിലോമീറ്ററിലേറെ ദൂരെ ജോലി ചെയ്യുന്നവർക്ക് അധിക വെയിറ്റേജ് സ്ലാബ് അനുവദിക്കും. മലയോര മേഖലയിലെ ഒരുവർഷ സർവീസിന് അധിക വെയിറ്റേജ് നൽകും. പ്രിൻസിപ്പൽ സ്ഥലംമാറ്റം ഓൺലൈനായി ഓപ്ഷൻ സ്വീകരിച്ചശേഷം നടത്തും. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന് മൂന്നുവർഷ പരിധി തുടരും.
അഞ്ചുവർഷം സ്വന്തം നാട്ടിൽ സർവീസ് പൂർത്തിയാക്കുന്നവരുടെ ഔട്ട്‌സ്റ്റേഷൻ സർവീസ് രണ്ടുവർഷത്തേക്ക് മരവിപ്പിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
ചർച്ചയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി വാസുകി, ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, സംഘടനാ ഭാരവാഹികളായ കെ.വെങ്കിടമൂർത്തി, ഒ.കെ.ജയകൃഷ്ണൻ, അനിൽ എം.ജോർജ്, അനിൽ വെഞ്ഞാറമൂട്, കെ.ബി.ലതീബ് കുമാർ, അബി പോൾ, സുധീർ എന്നിവർ പങ്കെടുത്തു.
മെഡിക്കൽ ബോർഡ്
കംപാഷണേറ്റ് അപേക്ഷകൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷനായ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഭിന്നശേഷി, ആശ്രിത വിഷയങ്ങളിൽ നിലവിലെ ഉത്തരവുകൾ പ്രകാരം മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തും.
അന്തിമ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ച് സ്ഥലംമാറ്റ നടപടികൾ വേഗത്തിലാക്കണം.
- അനിൽ എം.ജോർജ്,
ജന. സെക്രട്ടറി,
ഹയർ സെക്കൻഡറി സ്‌കൂൾ
ടീച്ചേഴ്‌സ് അസോസിയേഷൻ