വില്ലേജ് ടൂറിസം സ്വപ്നവുമായി ചിറക്കര
കൊല്ലം: ചിറക്കര ഗ്രാമപഞ്ചായത്തിൽ കൃഷിയും വ്യവസായവും കോർത്തിണക്കി വില്ലേജ് ടുറിസം നടപ്പാക്കാൻ പുതിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആദ്യയോഗത്തിൽ തീരുമാനം. മാലാക്കായൽ കണ്ടൽകാടുകളിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കടവുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. പ്രദേശത്തെ വീടുകളിൽ ലൈസൻസോടെ ഹോംസ്റ്റേ സൗകര്യമൊരുക്കും. പോളച്ചിറയിൽ പക്ഷി നിരീക്ഷണത്തിനായി ടവറുകളും പോളച്ചിറയുടെ 7കിലോമീറ്റർ ചുറ്റുമുള്ള ബണ്ടിൽ സൈക്കിൾ ട്രാക്ക്,ഇരുവശവും പൂന്തോട്ടത്തോടെയുള്ള നടപ്പാത,മണ്ണാത്തിപ്പാറയിൽ പഞ്ചപാണ്ടവരുടെയും പാഞ്ചാലിയുടെയും മണ്ണാത്തിയുടെയും ശില്പവും പാർക്കും ഒരുക്കും.
പോളച്ചിറയിൽ റോപ്പ് വേ,കയാക്കിംഗ്,കുട്ടവഞ്ചി,പോളച്ചിറയുടെയും മാലാകായലിന്റെയും കരകളിൽ ഫുഡ്‌കോർട്ടുകളും വിശ്രമകേന്ദ്രങ്ങളും കുടുംബശ്രീ ഉൾപ്പെടുത്തി ആരംഭിക്കും രാവണൻപൊയ്കയിൽ രാവണന്റെ പ്രതിമയും പാർക്കും, രാവണൻ പൊയ്കയിലെ പൊയ്കകൾ കേന്ദ്രികരിച്ച് നാച്ചുറൽ പാർക്കും ആയിരവില്ലിപറ വെള്ളച്ചാട്ടം കേന്ദ്രികരിച്ച് പാർക്കും നിർമ്മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ പറഞ്ഞു.