കൊല്ലം ഇ.എസ്.ഐ മെഡി. കോളേജ്: സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രി

Friday 13 February 2026 12:33 AM IST

കൊല്ലം: തൊഴിലാളികൾക്കായി അനുവദിച്ച ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കാൻ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്ന സംസ്ഥാന സർക്കാരിനെ തൊഴിലാളികളുടെ അവകാശത്തെക്കുറിച്ച് പറയാൻ അർഹതയില്ലെന്ന് കേന്ദ്ര മന്ത്രി മൺസുഖ് മണ്ഡാവ്യ ലോക സഭയിൽ പറഞ്ഞു. തൊഴിൽ നിയമ ഭേദഗതി ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇ.എസ്.ഐ ബോർഡ് അംഗം കൂടിയായ എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കൽ കോളേജ് അനുവദിച്ചത്. യുവാക്കൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനും 200 മുതൽ 300 വരെ പേർക്ക് തൊഴിൽ സാദ്ധ്യതയും ഉണ്ടായിരുന്ന മെഡിക്കൽ കോളേജിനാണ് സംസ്ഥാന സർക്കാർ എസൻഷ്യലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തത്. നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകാൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി മൺസുഖ് മണ്ഡാവ്യ പറഞ്ഞു.