ആർ.എം.എസിനെ രക്ഷിക്കനാളില്ല; സൂപ്രണ്ട് ഓഫീസ് നൽകാനുള്ള നീക്കം സ്തംഭിച്ചു

Friday 13 February 2026 12:35 AM IST

കൊല്ലം: റെയിൽവേയുമായി വാടക തർക്കം രൂക്ഷമായതിന് പിന്നാലെ കൊല്ലം ആർ.എം.എസ് തൊട്ടടുത്തുള്ള പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് മാറ്റാനുള്ള നീക്കവും സ്തംഭനത്തിൽ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകാതെ ഒഴിപ്പിക്കപ്പെടുന്ന ആർ.എം.എസ്, പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന തരത്തിൽ അകലെയുള്ള വാടക കെട്ടിടത്തിലേക്ക് മാറേണ്ട അവസ്ഥയാണ്.

പോസ്റ്റൽ ഉരുപ്പടികൾ നിരന്തരം ട്രെയിനിൽ കയറ്റിവിടുന്നതിനൊപ്പം ട്രെയിനിലെത്തുന്ന പോസ്റ്റൽ ഉരുപ്പടികൾ ശേഖരിക്കേണ്ടതും ആർ.എം.എസിന്റെ ജോലിയാണ്. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അകലേക്ക് മാറിയാൽ പോസ്റ്റൽ ഉരുപ്പടികൾ കൈകാര്യം ചെയ്യാൻ വാഹനം ഏർപ്പാടാക്കേണ്ടിവരും. അതിന് പുറമേ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്നതിന്റ വേഗതയേയും സുരക്ഷയേയും ഇത് ബാധിക്കും. ഇത് കണക്കിലെടുത്താണ് റെയിൽവേ സമ്മർദ്ദം ശക്തമാക്കിയപ്പോൾ തൊട്ടടുത്തുള്ള സൂപ്രണ്ട് ഓഫീസിലേക്ക് ആർ.എം.എസ് മാറാൻ ചർച്ച നടന്നത്. സൂപ്രണ്ട് ഓഫീസ് ചിന്നക്കടയിലുള്ള ബി.എസ്.എൻ.എല്ലിന്റെ ഡിസ്ട്രിക് ടെലികോം ഓഫീസിലേക്ക് മാറ്റാനായിരുന്നു ആലോചന. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർ.എം.എസ് ദിവസങ്ങൾക്കം ഒഴിവാക്കപ്പെടുമെന്ന അവസ്ഥ വന്നിട്ടും പകരം സ്ഥലം കണ്ടെത്തുന്നതിൽ പോസ്റ്റൽ വകുപ്പ് മെല്ലെപ്പോക്കിലാണ്.

 ആകെ വലഞ്ഞ് റെയിൽവേ

ചീന കൊട്ടാരത്തിന് സമീപം ഏത് നിമിഷവും പൊളിഞ്ഞു വീഴാറായി നിൽക്കുന്ന ഗേഡോണിൽ 1000 ചതുരശ്രയടി സ്ഥലം ആർ.എം.എസിന് തത്കാലം വാടകയ്ക്ക് നൽകാമെന്നാണ് റെയിൽവേയുടെ നിലപാട്. എന്നാൽ ആർ.എം.എസിന് പോസ്റ്റൽ ഉരുപ്പടികൾ സൂക്ഷിക്കാനും ഓഫീസ് പ്രവർത്തിപ്പിക്കാനും കുറഞ്ഞത് 4000 ചതുരശ്രയടി സ്ഥലം വേണം. ആർ.എം.എസ് ഓഫീസ് ഒഴിയാത്തതിനാൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായുള്ള പ്രധാന കെട്ടിടത്തിന്റെ നിർമ്മാണവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.