തെരുവിലെ ഇരുട്ടിൽ നിന്ന് നസീമയ്ക്ക് കാരുണ്യത്തിന്റ് സ്നേഹത്തണൽ
കൊല്ലം: തെരുവിൽനിന്ന് ഇരവിപുരത്തെ അഭയ കേന്ദ്രത്തിന്റെ തണലിൽ നസീമയ്ക്ക് സുരക്ഷയൊരുക്കാൻ കഴിഞ്ഞതിന്റെ ചാരുതാർത്ഥ്യത്തിലാണ് ഒരു പറ്റം നല്ല മനുഷ്യർ.
മുണ്ടയ്ക്കലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതയാണ് നസീമ. വർഷങ്ങളായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഇവർക്ക് ഏക ആശ്രയമായിരുന്ന ഭർത്താവ് രണ്ടാഴ്ച മുമ്പ് ഒരു വാഹനാപകടത്തിൽപെട്ട് മരിച്ചു. ഇതോടെ പൂർണമായി ഒറ്റപ്പെട്ട നസീമയ്ക്ക് നേരെ പലതവണ സാമൂഹിക വിരുദ്ധർ ആക്രമണങ്ങളും നടത്തി. എന്നാൽ ഇതിനിടയിൽ അവിചാരിതമായാണ് ആർദ്രം നോഡൽ ഓഫീസർ ഡോ.ദിവ്യ ശശി ഇവരെ കാണാനിടയായത്. ഈ വിവരം ഡോ.ദിവ്യ കൗൺസിലർ ജെ.ജയലക്ഷ്മിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡോ. ദിവ്യയും ജയലക്ഷ്മിയും നസീമയെ കണ്ടെത്താനുള്ള അലച്ചിലിലായിരുന്നു.മുണ്ടയ്ക്കലിലെ ഹനുമാൻ കോവിലിന് സമീപം ഇവർ സ്ഥിരം എത്താറുണ്ടെന്ന് നാട്ടുകാർ അറിയിച്ചതോടെ പിങ്ക് പൊലീസിന്റെ സഹായത്തോടെ നസീമയെ ഒപ്പം കൂട്ടുകയായിരുന്നു. മാനസിക ബുദ്ധിമുട്ട് നേരിടുന്ന ഇവരെ പിന്നീട് ഇരവിപുരത്തെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്ക് വേണ്ടുന്ന സഹായങ്ങൾ ഉൾപ്പടെ ഒരുക്കിയാണ് കൗൺസിലർ മടങ്ങിയത്. സാമൂഹ്യ നീതി വകുപ്പ് ഓഫീസർ എ.കെ.ഹരികുമാരൻ നായർ,സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ശ്രീകുമാർ എന്നിവർ പൂർണ പിന്തുണ നൽകി.