അക്കാഡമിക് സ്ഥാപനങ്ങളെ ഗവേഷണ കേന്ദ്രങ്ങളാക്കും

Friday 13 February 2026 1:16 AM IST

ദേശീയ ഗവേഷണ സമ്മേളനം സമാപിച്ചു

തിരുവനന്തപുരം: ആഗോള സഹകരണത്തിലൂടെയും ഇടപെടലുകളിലൂടെയും അക്കാഡമിക് സ്ഥാപനങ്ങളെ ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനമെടുത്ത് ദേശീയ ഗവേഷണ സമ്മേളനവും ഉന്നത വിദ്യാഭ്യാസ പ്രദർശന മേളയും സമാപിച്ചു.

സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങളെ ആഗോള അക്കാഡമിക് പ്രവാസി സമൂഹവുമായി ബന്ധിപ്പിക്കുന്നതിനുള്ള 'സ്‌കോളർ കണക്ട്' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നടന്നു. ഹയർ എഡ്യൂക്കേഷൻ എക്സ്‌പോയിൽ മികച്ച പ്രകടനം കാഴ്ച വച്ച സ്ഥാപനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിലെ നൂതന ആശയങ്ങൾ അവതരിപ്പിച്ച 59 സ്ഥാപനങ്ങളാണ് എക്സ്‌പോയിൽ പങ്കെടുത്തത്. സർവ്വകലാശാലാ ലബോറട്ടറികളിൽ 'മൈക്രോ ഇന്നൊവേഷൻ യൂണിറ്റുകൾ' സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 16 സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്ത ചർച്ച നടന്നു.

കേരളത്തിലെ അക്കാഡമിക ഗുണനിലവാരം ലോകോത്തരമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി വിദഗ്ധർ പങ്കെടുത്ത പ്രത്യേക സെഷൻ സമ്മേളനത്തിൻ്റെ ഭാഗമായിരുന്നു. ആഗോളതലത്തിൽ മത്സര ക്ഷമത കൈവരിക്കുന്നതിന് ഗവേഷകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടന്നു. കൃഷി, ആരോഗ്യം, പരിസ്ഥിതി മേഖലകളിലെ ഗവേഷണങ്ങളെ സുസ്ഥിര സാമ്പത്തിക നേട്ടങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളും നടന്നു..