പനിയും ക്ഷീണവും ശരീര വേദനയും പ്രധാന ലക്ഷണങ്ങൾ, പത്ത് ദിവസത്തിനിടെ 285 പേർക്ക് രോഗം
മലപ്പുറം: കാലാവസ്ഥ വ്യതിയാനത്തിന് പിന്നാലെ ജില്ലയിൽ ചിക്കൻപോക്‌സ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. പത്ത് ദിവസത്തിനിടെ 285 പേർ രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ അലോപ്പതി ക്ലിനുക്കുകളിലും ഹോമിയോ, ആയുർവേദം ഉൾപ്പെടെ മറ്റ് ചികിത്സാശാഖകളിലും എത്തുന്നവരുടെ എണ്ണമെടുത്താൽ ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചിക്കൻ പോക്‌സ് വ്യാപനമുള്ളത് മലപ്പുറം ജില്ലയിലാണ്. പാലക്കാട് - 185, കോഴിക്കോട് - 141, കണ്ണൂർ - 143 എന്നിങ്ങനെയാണ് ഉയർന്ന കേസുകളുള്ള മറ്റ് ജില്ലകൾ.
തണുപ്പ് കാലത്ത് നിന്ന് ചൂടിലേക്ക് കടക്കുമ്പോഴാണ് രോഗ വ്യാപനം റിപ്പോർട്ട് ചെയ്യാറുള്ളത്. ഇത്തവണ ചൂട് നേരത്തെ അനുഭവപ്പെടാൻ തുടങ്ങിയത് രോഗവ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടാനാണ് സാദ്ധ്യതയെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗം ബാധിച്ചാൽ കൃത്യമായി ചികിത്സ തേടുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയുമാണ് രോഗവ്യാപനം തടയാനുള്ള പ്രധാനമാർഗം. ഒരുവയസിന് താഴെയുള്ള ശിശുക്കൾ, 12 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാവാനുള്ള സാദ്ധ്യതയുണ്ട്.
രോഗപ്പകർച്ച എളുപ്പം
- വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിന് കാരണമാകുന്നത്.
- ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവ വഴിയുള്ള കണങ്ങൾ ശ്വസിക്കുന്നതിലൂടെയും രോഗം വരാം.
- ശരീരത്തിൽ കുമിളകൾ പൊന്തുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങുന്നത് വരെ രോഗം പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മൂന്നാഴ്ച വരെ സമയമെടുത്തേക്കാം.
- രോഗി ഉപയോഗിച്ച മുറിയിൽ പ്രവേശിക്കുന്നവർക്ക് പോലും രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടമാവുമ്പോൾ അവഗണിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും മൂലം ഒരുവീട്ടിൽ തന്നെ ഒന്നിൽകൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നുണ്ട്.
- അസുഖം പൂർണ്ണമായും സുഖപ്പെടുംമുമ്പ് സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നത് മറ്റ് കുട്ടികൾക്ക് രോഗം വരാനും വഴിയൊരുക്കുന്നു.
- ചിക്കൻപോക്‌സിനെതിരെയുള്ള വാക്‌സിൻ എടുത്താൽ രോഗം വരുന്നത് മുൻകൂട്ടിതടയാനാവുമെന്ന് ഡോക്ടർമാർ പറയുന്നു. രോഗികളുമായി സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്‌സിനെടുത്താൽ രോഗത്തെ പ്രതിരോധിക്കാനാവും.
രോഗ ലക്ഷണങ്ങൾ ഇവ പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന
ശരീരത്തിൽ കുമിളകൾ. മുഖം, നെഞ്ച്, പുറം, കൈക്കാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ പൊട്ടും.