'അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ചെലവായത് മൂന്നുകോടി,​ ആർക്കുവേണമെങ്കിലും പരിശോധിക്കാം'

Friday 13 February 2026 1:41 PM IST

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളെക്കുറിച്ചുള്ള ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിനെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സംഘാടനത്തിനായി അഡ്വാൻസായി എടുത്ത തുക തിരിച്ചടച്ചെന്നാണ് പ്രശാന്തിന്റെ വാദം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

'അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നു.അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇതുവരെ ചെലവഴിച്ചത് വെറും മൂന്ന് കോടി രൂപ മാത്രമാണ്.ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്‌പോൺസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്‌പോൺസർഷിപ്പായി വന്നിട്ടുണ്ട്. 'മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ "എന്ന ഹെഡിൽ നിന്ന് മൂന്നുകോടി രൂപ സംഘാടനത്തിനുവേണ്ടി അഡ്വാൻസായി എടുത്തിരുന്നു.

സ്‌പോൺസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 - 10 -25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇതുവരെ ദേവസ്വം ബോർഡിൽ നിന്നും ചെലവഴിച്ചിട്ടില്ല. ആകെ ചെലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്'- പ്രശാന്ത് കുറിച്ചു.