പ്രണയം തളിർക്കും നാൾ.....
ഇന്ന് വാലന്റൈൻസ് ഡേ
കൊച്ചി: പറയാതെ പോയ പ്രണയങ്ങൾ പറയാനൊരു ദിനം... പൂത്തുലയുന്ന പ്രണയങ്ങൾ ആഘോഷമാക്കുന്ന ദിനം... പ്രണയ നിമിഷങ്ങൾ അനർഘമാക്കാൻ സമ്മാനങ്ങൾ കൈമാറുന്ന ദിനം... ഇന്ന് വാലന്റൈൻസ് ഡേ. ഈ പ്രണയ ദിനം ട്രെൻഡിംഗായി ആഘോഷമാക്കുകയാണ് കൊച്ചി. സമ്മാനങ്ങളിലും പ്രണയം പറയലിലും പങ്കു വയ്ക്കലിലുമെല്ലാം പുത്തൻ ട്രെൻഡുകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് യുവത.
അതിനനുസരിച്ചുള്ള സമ്മാനങ്ങളും വസ്ത്രങ്ങളും നിരത്തി സ്റ്റേഷനറി കടകളും വസ്ത്ര വ്യാപാര ശാലകളും മറ്റും വില്പന കൊഴുപ്പിക്കുന്നുണ്ട്. കൗമാരക്കാരായ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള സമ്മാനങ്ങളും വസ്ത്രങ്ങളും കുറഞ്ഞ വിലയിൽ നൽകി ആകർഷിക്കാനാണ് വ്യാപാരികളുടെ ശ്രമം. റെസ്റ്റോറന്റുകൾ പ്രത്യേക മെനു തയ്യാറാക്കുന്നു, എല്ലായിടത്തും ഡിസ്‌കൗണ്ടുകൾ, പൂക്കടകളിൽ തിരക്ക്. ഇ-കൊമേഴ്സ് ആപ്പുകളിലും പ്രത്യേക ഗിഫ്റ്റിംഗ് സെക്ഷൻ.
മാളുകളിൽ ഹൃദയചിഹ്നങ്ങളും സെൽഫി പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. പൂക്കടകളിൽ ചുവന്ന റോസാപ്പൂക്കൾക്ക് വൻ ഡിമാൻഡാണ്. വിദേശപൂക്കൾക്കും പ്രത്യേക ബൊക്കെകൾക്കുമായി ഇന്നലെ മുതൽ വലിയ തിരക്കാണ്. ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി ദിനമായതിനാൽ ഇന്നലെ വൈകുന്നേരമായതോടെ മറൈൻ ഡ്രൈവ് നടപ്പാത പ്രണയിതാക്കളുടെ പ്രധാന കേന്ദ്രമായി മാറി.
പൈതൃക നഗരമായ ഫോർട്ട് കൊച്ചിയിലെ കഫേകളിൽ പ്രത്യേക വാലന്റൈൻസ് സ്‌പെഷ്യൽ മെനുകളും സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കായലിലൂടെയുള്ള സ്വകാര്യ ബോട്ട് യാത്രകൾക്കും വാട്ടർ മെട്രോയിലെ യാത്രയ്ക്കും നിരവധി ജോഡികളാണ് എത്തുന്നത്.
വിദ്യാർത്ഥി കാലഘട്ടം കടന്ന യുവതയ്ക്ക് പ്രണയദിനം ചെലവേറിയതാണ്. അത് വമ്പൻ ഡിന്നറുകളിലേക്കും കാൻഡിൽ ലൈറ്റ് ഡിന്നറിലേക്കും സ്വർണം, ഡയമണ്ട് എന്നിവയിലേക്കുമെല്ലാം എത്തും.
യാത്രകളും ട്രെൻഡ്
പങ്കാളികൾ ചെറുതും വലുതുമായ യാത്രകൾ പ്ലാൻ ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. പ്രണയിതാക്കളുടെ കൂട്ടമായും ജോഡിയായുമാണ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത്. പങ്കാളി സർപ്രൈസായി ഒരു യാത്ര മുഴുവനായി പ്ലാൻ ചെയ്തു നൽകുന്നതു വേറെ.
വാലന്റൈൻസ് വാരത്തിന് അവസാനം
ഫെബ്രുവരി 7 മുതൽ 14 വരെ വാലന്റൈൻ വീക്കായും യുവാക്കൾ ആഘോഷമാക്കാറുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ നീളുന്നതാണ് വാലന്റൈൻസ് വാരത്തിലെ ആഘോഷ പരിപാടികൾ. വാലന്റൈൻ വാരത്തിന്റെയും അവസാനമാണ് ഇന്ന്.