ആഗോള അയ്യപ്പ സംഗമം; കണക്കുകളിൽ വ്യക്തത വേണമെങ്കിൽ ബോർഡിനോട് ചോദിക്കണം, സർക്കാരിന് അധികാരമില്ലെന്ന് മന്ത്രി

Friday 13 February 2026 3:49 PM IST

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകൾ വ്യക്തമാക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാരിന് കണക്ക് പറയാൻ അധികാരമില്ല. ദേവസ്വം ബോർഡ് എല്ലാം പറയുമെന്നും മന്ത്രി വ്യക്തമാക്കി.

'തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വേണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യത്തിൽ ഇടപെടുകയും നിർദേശം നൽകുകയും ചെയ്തത്. ബോർഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ല.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോൺഗ്രസൊന്നും മിണ്ടുന്നില്ല. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെ. അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർ ഉണ്ണികൃഷ്‌ണൻ പോറ്റിയോടൊപ്പം സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ ഇപ്പോഴും മറുപടി പറയുന്നില്ല'- വി എൻ വാസവൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിനായി നാല് കോടി രൂപ സ്‌പോൺസർഷിപ്പിലൂടെ കിട്ടിയ കാര്യം അറിയാമെന്ന് നേരത്തെ ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. സംഗമത്തിനായി സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമാണ്. അയ്യപ്പ സംഗമം കാരണമാണ് ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.