'പി.ജിയുടെ ലോകം' ഏകദിന സെമിനാർ 15ന്
പെരുമ്പാവൂർ: എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പി.ജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'പി.ജിയുടെ ലോകം' ഏകദിന സെമിനാർ ഞായറാഴ്ച നടക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് അറിയിച്ചു. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷനാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് പ്രഭാഷണം നടത്തും.
11 ന് 'പിജിയുടെ ലോകം' എന്ന വിഷയത്തിൽ എൻ.ഇ. സുധീർ സംസാരിക്കും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനാകും. തുടർന്ന് നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാല അവതരിപ്പിക്കുന്ന നാടകം 'ചാപ്പ' അരങ്ങേറും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പി. അജയകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.