ആലുവ - മൂന്നാർ നാലുവരിപ്പാത: സാമൂഹ്യപ്രത്യാഘാത പഠനം തുടങ്ങി

Saturday 14 February 2026 2:03 AM IST

ആലുവ: ആലുവ - മൂന്നാർ റോഡ് നാല് വരിപ്പാതയാക്കുന്ന പദ്ധതിയുടെ 4 (1) നോട്ടിഫിക്കേഷൻ പുറത്തിറക്കിയതിനെ തുടർന്ന് ആലുവയിൽ സാമൂഹ്യപ്രത്യാഘാത പഠനം ആരംഭിച്ചു. ദേശീയപാതയിൽ പുളിഞ്ചോട് മുതൽ കോതമംഗലം വരെയുള്ള 36 കിലോമീറ്റർ ഭാഗത്താണ് ആദ്യഘട്ടത്തിൽ പഠനം നടത്തുന്നത്.

36 കിലോമീറ്റർ നിലവും 23 മീറ്റർ വീതിയുമുള്ള നിർദിഷ്ട റോഡിന്റെ ഇരുവശവും നടപ്പാതയും ഉണ്ടാകും. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ആണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി സെപ്ഷ്യൽ തഹസിൽദാരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പേ സർവേ നടത്തി കല്ലിടൽ പൂർത്തിയാക്കിയിട്ടുണ്ട്.

മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

രാജഗിരി ഔട്ട് റീച്ച് സാമൂഹ്യപ്രത്യാഘാതപഠനം നടത്തി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കമ്മിറ്റി അംഗീകരിച്ചാൽ സ്‌പെഷ്യൽ തഹസീൽദാർ 11(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് സ്ഥലം ഏറ്റെടുക്കും. നടപടികൾ എത്രയും വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

സാമൂഹ്യപ്രത്യാഘാതപഠനം നടത്തുന്ന പുളിഞ്ചോട് ഭാഗം അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ രാജഗിരി ഔട്ട് റീച്ച് പ്രവർത്തകർ സന്ദർശിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, രാജഗിരി ഔട്ട് റീച്ച് പ്രൊജക്ട് ഡയറക്ടർ മീനാ കുരുവിള, കെ.ആർ.എഫ്.ബി എൻജിനിയർ വിഷ്ണു, സോഷ്യൽ ഇംപാക്ട് കോ ഓർഡിനേറ്റർ സി.പി. വിജു, റിസർച്ച് അസോസിയേറ്റർമാരായ മരിയ ടെൻസി, വി.എസ്. വിനയൻ, കെ.ഒ. വർഗീസ് എന്നിവരും എം.എൽ.എയുടെ കൂടെയുണ്ടായിരുന്നു.

ഭൂമി ഏറ്റെടുക്കുന്നതിൽ

വിവേചനം: പ്രതിഷേധം

ആലുവ - മൂന്നാർ റോഡ് 4 വരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിൽ വിവേചനമെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തുണ്ട്. പുളിഞ്ചോട് മുതൽ എസ്.പി ഓഫീസ് വരെ 13.6 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാനാണ് ശുപാർശ. എന്നാൽ എസ്.പി ഓഫീസ് മുതൽ കോതമംഗലം വരെ 23 മീറ്റർ വീതിയും ശുപാർശ ചെയ്യുന്നു. നഗരസഭ അതിർത്തിയിൽപ്പെടുന്ന എസ്.പി ഓഫീസ് മുതൽ അണ്ടിക്കമ്പനി വരെയുള്ള ഭാഗത്തെ താമസക്കാരാണ് പരാതിയുമായി രംഗത്തുള്ളത്. നഗരസഭ പരിധിയിൽ റോഡിന് വീതി കുറച്ചിട്ടുണ്ടെങ്കിൽ തങ്ങൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സമീപവാസി ജോസ് പഞ്ഞിക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്.