ഭരണഘടന ശിൽപിയെ മറന്നു,​ തുറയൂരിൽ കാടുമൂടി കിടപ്പുണ്ട് കരകൗശല വ്യവസായ കേന്ദ്രം !

Saturday 14 February 2026 12:18 AM IST
ഡോ. ബി ആർ അംബേദ്കർ കരകൗശല വ്യവസായ കേന്ദ്രം തുറയൂർ

പയ്യോളി: ഉദിച്ചുയരും മുമ്പേ അസ്തമിച്ചു പോയ കഥയാണ് തുറയൂർ ഡോ.ബി.ആർ അംബേദ്കർ കരകൗശല വ്യവസായ കേന്ദ്രത്തിനുള്ളത്. പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ.അംബേദ്കർ കരകൗശല വ്യവസായ സഹകരണ സൊസൈറ്റിയ്ക്കു കീഴിൽ കേന്ദ്രം ആരംഭിക്കുന്നത്. സ്വന്തം ഓഫീസും എല്ലാ സൗകര്യങ്ങളോടെയുമുള്ള വർക്ക് ഷെഡ്ഡുമായി ആരംഭിച്ച വ്യവസായ കേന്ദ്രത്തിൽ ബാംബൂ, ചിരട്ട ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു. മുള (ബാംബൂ) ട്രീറ്റ് ചെയ്ത് വിവിധ കരകൗശല ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി സൊസൈറ്റി അംഗങ്ങളായ 20 പേർക്ക് ജില്ലാ വ്യവസായ കേന്ദ്രം പരിശീലനവും നൽകിയിരുന്നു. സ്റ്റൈപ്പന്റ് നൽകിയായിരുന്നു പരിശീലനം.ആദ്യഘട്ടത്തിൽ കുറച്ചുകാലം ചൂരൽ കസേരകൾ, ഊഞ്ഞാലുകൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണ സമിതി മാറിയതോടെ കഥ മാറി. കേന്ദ്രത്തിന്റെ താളം തെറ്റിക്കുന്ന അനാരോഗ്യ പ്രവണതകൾ ഉടലെടുത്തു. ഒടുവിൽ നിരവധി കുടുംബങ്ങൾക്ക് തണലാകുമായിരുന്ന ഒരു സ്ഥാപനത്തിന് താഴ് വീഴുകയും ചെയ്തു. 1987ന് ശേഷം ഭരണസമി യോഗം പോലും ചേരാതെയായെന്ന് പറയുന്നു. ഓഫീസിൽ ആരും വരാതായി. വർഷങ്ങൾ കഴിഞ്ഞതോടെ വർക്ക് ഷെഡ് ചില തൂണുകൾ ബാക്കിയാക്കി പൂർണമായും തകർന്നു. ഓഫീസ് കെട്ടിടവും തകർന്നു. യന്ത്രങ്ങൾ തുരുമ്പെടുത്തു. കാടുമൂടി കിടക്കുന്ന സൊസൈറ്റിയുടെ 10 സെൻ്റ് ഭൂമിയും കെട്ടിട അവശിഷ്ടങ്ങളും മാത്രമാണ് ഇപ്പോഴുള്ളത്.

വ്യവസായ കേന്ദ്രം

ആരംഭിച്ചത്

1982

ലക്ഷ്യം, പട്ടികവർഗ വിഭാഗക്കാരുടെ

ജീവിത നിലവാരം ഉയർത്തൽ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗത്തിൽ പെട്ടവരെ തൊഴിൽപരമായും ധനപരമായും ഉയർത്തി കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് നൂറോളം അംഗങ്ങളിൽ നിന്ന് നൂറ് രൂപ വിഹിതം സ്വീകരിച്ച് സൊസൈറ്റിക്ക് തുടക്കമിട്ടത്. 3 .5 ലക്ഷത്തോളം രൂപ സർക്കാർ സഹായവും സ്ഥാപനത്തിന് ലഭിച്ചിരുന്നു. കുടികിടപ്പായി ലഭിച്ച 10 സെൻ്റ് ഭൂമി സർക്കാരിന് എഴുതി നൽകിയാണ് കെട്ടിടം നിർമ്മിച്ചത്.

ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ വായ്പയ്ക്കും ഗ്രാൻ്റിനും അർഹതയുള്ള സ്ഥാപനമാണ്.

സർക്കാർ ഫണ്ട് നൽകുന്നതിനാൽ ഇങ്ങിനെ പോയാൽ സ്ഥാപനം സർക്കാർ ഏറ്റെടുക്കും. അത് ഭരണസമിതിക്ക് നാണക്കേടാകും. ഇടക്കാലത്ത് മറ്റൊരു സൊസൈറ്റിക്ക് നൽകാനുള്ള നീക്കം നടന്നിരുന്നു. മൾട്ടി പർപ്പസ് സൊസൈറ്റിയാക്കി ഇതിനെ മാറ്റാം. ഇവിടത്തെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് തേടി പോകേണ്ടതില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. അഖിലേന്ത്യാ ഹാൻ്റി ക്രാഫ്റ്റിൻ്റെ വിപണന കേന്ദ്രങ്ങളായ എറണാകുളത്തും ബംഗളുരുവിലും ഉത്പന്നങ്ങൾ സ്വീകരിക്കും.

പി കെ രാധാകൃഷ്ണൻ

(സ്ഥാപക പ്രസിഡൻ്റ്)

സൊസൈറ്റി കെട്ടിടം തകർന്ന് കാടുമൂടി കിടക്കുന്നത്തിൽ ക്ഷുദ്രജീവികളുടെ കേന്ദ്രമായി മാറി. തെരുവുനായകളും കുറുക്കന്മാരും പന്നിയും പാമ്പുകളുമൊക്കെ ഇവിടെയുണ്ട്. ഇവയുടെ അക്രമണം ഭയന്നാണ് ജീവിക്കുന്നത്. മഴക്കാലത്ത് വീട്ടിൽ വെള്ളം കയറുന്ന ഭീഷണിയുമുണ്ട്.

മീനാക്ഷി, പ്രദേശവാസി