മസ്ജിദിൽ നാമജപം ഉയർന്നു, മതമൈത്രിയിൽ ഓമനയ്‌ക്ക് അന്ത്യയാത്ര
കോട്ടയം: മതത്തിനതീതമാണ് മനുഷ്യത്വം എന്നു തെളിയിച്ച് മക്കാ മസ്ജിദ് അധികൃതർ. കുമാരനല്ലൂർ മക്കാ മസ്ജിദിന് മുന്നിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാലായിൽ ഓമന രാജേന്ദ്രൻ (62) മരിച്ചപ്പോൾ പൊതുദർശനത്തിന് മദ്രസാ ഹാളിൽ സൗകര്യമൊരുക്കാൻ അധികൃതർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ഓമനയുടെ ഇടുങ്ങിയ വഴിയുള്ള വീട്ടിലേക്ക് മൊബൈൽ മോർച്ചറിയും സ്ട്രെച്ചറും എത്തിക്കാൻ കഴിയില്ലെന്നു മനസിലാക്കിയാണ് വിശാലമായ മദ്രസാ ഹാളിന്റെ ഒരുഭാഗം തുറന്നു നൽകിയത്. നോമ്പുതുറയടക്കം നടത്തുന്നയിടമാണിത്. ഖുറാൻ വചനങ്ങൾ ഉയരുന്ന ഹാളിനരികിൽ തെളിഞ്ഞ നിലവിളക്കും, സാമ്പ്രാണിത്തിരിയും, രാമനാമവുമായി ഒരുരാത്രിയും പാതി പകലും നീണ്ട പൊതുദർശനം.
രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ഓമന വ്യാഴാഴ്ചയാണ് മരിച്ചത്. ഭർത്താവ് രാജേന്ദ്രന്റെയും, മകൾ ജ്യോതികയുടെയും ബുദ്ധിമുട്ട് മനസിലാക്കിയ മക്കാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഫൈസലടക്കമുള്ള ഭാരവാഹികളാണ് മൃതദേഹം ആചാരങ്ങളോടെ പൊതുദർശനത്തിന് വയ്ക്കാൻ മദ്രസാ ഹാളിൽ സൗകര്യമൊരുക്കിയത്. വ്യാഴാഴ്ച രാത്രിയും ഇന്നലെ മൂന്നരവരെയും പൊതുദർശനം നീണ്ടു. ആചാര പ്രകാരമുള്ള കർമ്മങ്ങൾ നടത്തിയതും ഇവിടെ വച്ചാണ്. മുട്ടമ്പലം ശ്മശാനത്തിലായിരുന്നു സംസ്കാരം.
കുമാരനല്ലൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് പതിവായി മക്കാമസ്ജിദിന് മുന്നിൽ ഭാരവാഹികൾ മോരും, വെള്ളവും വിതരണം ചെയ്യാറുണ്ട്.
'' മതവും ജാതിയും നോക്കാതെ മനുഷ്യർക്ക് നന്മ ചെയ്യുകയാണ് ലക്ഷ്യം. അതാണ് യഥാർത്ഥ മതവിശ്വാസിയുടെ ധർമ്മം.
- മുഹമ്മദ് ഫൈസൽ,( പ്രസിഡന്റ് ,മക്കാ മസ്ജിദ്)