16കാരിയുടെ പീഡന പരാതി; റിട്ട. എസ്.ഐ അറസ്റ്റിൽ
നിലമ്പൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ റിട്ട. എസ്.ഐയും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ ഫിലിപ്പ് മമ്പാട് (49) അറസ്റ്റിൽ. പെൺകുട്ടി കോഴിക്കോട് ചേവായൂർ പൊലീസിൽ നൽകിയ പരാതിയിലാണ് മമ്പാട് കാരച്ചാൽ സ്വദേശിയായ പ്ലാമൂട്ടിൽ ഫിലിപ്പിനെ നിലമ്പൂർ പൊലീസ് അറസ്റ്റുചെയ്തത്.
കൗൺസലിംഗിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്‌കൂളിൽ നടന്ന കൗൺസലിംഗിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന പൊലീസിൽ പരാതി നൽകുകയായിരുന്നു.
മമ്പാട് കാരച്ചാലിലെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. താൻ നിരപരാധിയാണെന്നും കേസ് വന്നാൽ ആത്മഹത്യ ചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. അതിനാലാണ് വ്യാഴാഴ്ച തന്നെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ എസ്.ഐയായിരുന്ന ഫിലിപ്പ് മമ്പാട്, ഒരുവർഷം മുമ്പാണ് പൊലീസിൽ നിന്ന് സ്വയം വിരമിച്ചത്. മോട്ടിവേഷൻ ക്ളാസുകളിലും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു സ്വയം വിരമിക്കൽ.