അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മകൻ അറസ്റ്റിൽ
Saturday 14 February 2026 12:27 AM IST
കണ്ണൂർ: വൃദ്ധയെ ഇരുന്ന കസേര സഹിതം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മകനെ പൊലീസ് അറസ്റ്റുചെയ്തു. പള്ളിയാംമൂല ലക്ഷം വീട് കോളനിയിലെ തെരണ്ടി സജീവനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്. മകന്റെ ക്രൂരതയ്ക്കിരയായ മാതാവ് വി.ശാന്ത (88) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിയാംമൂലയിലെ വീട്ടിൽ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ച് വീണ വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പറയപ്പെടുന്നു. വീട്ടിൽ ചെലവിന് കൊടുക്കാത്തതിനെ കുറിച്ച് ചോദിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.